ഉറക്കത്തിനിടെ പാമ്പു കടിച്ചു; എട്ടുവയസ്സുകാരന് ദാരുണാന്ത്യം, സഹോദരനും കടിയേറ്റു

തൃശൂർ: കൊടകര മറ്റത്തൂരിൽ പാമ്പുകടിയേറ്റ് എട്ടുവയസ്സുകാരൻ മരിച്ചു. മറ്റത്തൂർ കടമ്പോട് കാവുങ്ങൽ സിൽജോയുടെ മകൻ അൽജോ ആണ് മരിച്ചത്. ഉറക്കത്തിനിടെയാണ് പാമ്പു കടിയേറ്റത്. അൽജോയുടെ സഹോദരൻ 10 വയസുള്ള അലോജിനും കടിയേറ്റിട്ടുണ്ട്. അലോജ് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. പുലർച്ചെ രണ്ടു മണിയോടെയാണ് കുട്ടികൾക്ക് അസ്വസ്ഥത തുടങ്ങിയത്.

കഴിഞ്ഞ ദിവസം വെള്ളിക്കുളങ്ങരയിൽ നടന്ന ഒരു ചടങ്ങിൽ പങ്കെടുത്ത കുടുംബം അവിടെനിന്ന് ഭക്ഷണം കഴിച്ചിരുന്നു. അതിൽനിന്ന് ഭക്ഷ്യവിഷബാധയുണ്ടായതാകാം എന്നു കരുതിയാണ് കുട്ടികളെ അടുത്തുള്ള സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. എന്നാൽ ഡോക്ടർ സംശയം പ്രകടിപ്പിച്ചതിനെ തുടർന്നാണ് പാമ്പുകടിയേറ്റതെന്ന് സ്ഥിരീകരിച്ചത്. കുട്ടികളുടെ ശരീരത്തിൽ പാമ്പു കടിച്ച പാടും കണ്ടെത്തി. തുടർന്ന് നാട്ടുകാർ ചേർന്ന് കുട്ടികൾ കിടന്ന മുറി പരിശോധിച്ചപ്പോൾ പാമ്പിനെ കിട്ടുകയായിരുന്നു. കിടക്കയിൽ തലയണയുടെ അടിയിൽനിന്നാണ് പാമ്പിനെ കിട്ടിയത്. പാമ്പിനെ നാട്ടുകാർ തല്ലിക്കൊന്നു. ആശുപത്രിയിൽ ചികിൽസയിലുള്ള അലോജിന്റെ നില ഗുരുതരമാണ്. കടമ്പോട് എഎൽപി സ്കൂളിെല രണ്ടാംക്ലാസ് വിദ്യാർഥിയാണ് മരിച്ച അൽജോ. ഇവർക്ക് ഒരു സഹോദരി കൂടിയുണ്ട്.