വയനാട് ടൗൺഷിപ്പിലെ വിള്ളൽ വിവാദം; വീടുകളിൽ രണ്ടാംഘട്ട കോൺക്രീറ്റിങ് ചെയ്യാൻ നടപടികൾ ആരംഭിച്ചു

വയനാട്: ടൗൺഷിപ്പിലെ വിട്ടിൽ വിള്ളൽ ഇല്ല എന്ന മന്ത്രിയുടെ വാദം വീട്ടുടമ നൗഫൽ തള്ളിപ്പറഞ്ഞതോടെ പ്രതിപക്ഷവും സംഭവത്തെ രാഷ്ട്രീയ ആയുധമാക്കുകയാണ്. നൗഫലിന്റെ വീട്ടിന്റെ ടെറസിൽ തുടർ പരിശോധനയ്ക്കായി വിള്ളലിന് ചുറ്റും വെള്ളം കെട്ടി നിർത്താൻ ഉണ്ടാക്കിയ സംവിധാനം പൊളിച്ചു മാറ്റി. ആദ്യഘട്ട വീടുകളിൽ രണ്ടാംഘട്ട കോൺക്രീറ്റ് നടത്താനുള്ള നടപടികൾ ആരംഭിച്ചു. സർക്കാർ ടൗൺഷിപ്പിലെ എട്ടാം നമ്പർ വീട്ടിലേക്ക് റവന്യൂ മന്ത്രി കെ രാജൻ നടത്തിയ സന്ദർശനമാണ് ഇപ്പോൾ വിവാദത്തിന് ചൂടുപിടിപ്പിച്ചത്.

വിള്ളൽ ഇല്ല എന്ന മന്ത്രിയുടെ വാദം തള്ളിയ വീട്ടുടമ നൗഫൽ, സംഭവം പുറത്തു പറഞ്ഞതിൽ തനിക്ക് ഭീഷണി ഉണ്ടെന്നും പറഞ്ഞിരുന്നു. വെള്ളം കെട്ടി നിർത്തി പരിശോധിക്കുന്ന പോണ്ടിംഗ് ടെസ്റ്റ് നടത്തിയതിന് പിന്നാലെയാണ് വിള്ളലിലൂടെ വെള്ളം കിനിയുന്നുണ്ടെന്ന് അധികൃതർ മനസ്സിലാക്കിയത്. ശേഷം ടെറസിൽ വിള്ളൽ ഉള്ള ഭാഗത്ത് ഈപോക്‌സി കോട്ടിംഗ് അടിച്ച ശേഷം അത്രയും ഭാഗത്ത് മാത്രം വീണ്ടും പോണ്ടിംഗ് ടെസ്റ്റ് നടത്തി. നിലവിൽ വെള്ളം കെട്ടി നിർത്താൻ രണ്ടാമത് ഉണ്ടാക്കിയ സംവിധാനം പൊളിച്ചു മാറ്റിയിട്ടുണ്ട്. നൗഫലിന്റെ വീട് ഉൾപ്പെടെ ആദ്യഘട്ട വീടുകളിൽ രണ്ടാംഘട്ട കോൺക്രീറ്റിങ് ഉള്ള നടപടികൾ അധികൃതർ ആരംഭിച്ചിരിക്കുകയാണ്.