എസ്‌ഐആർ സമയപരിധി നീട്ടി; പൂരിപ്പിച്ച ഫോമുകൾ ഡിസംബർ 11 വരെ നൽകാം

ന്യൂഡൽഹി: വോട്ടർ പട്ടിക തീവ്ര പരിഷ്‌കരണ ( എസ്‌ഐആർ ) സമയപരിധി നീട്ടി. ഒരാഴ്ച കൂടിയാണ് സമയം നീട്ടിയിട്ടുള്ളത്. ഡിസംബർ നാലിനായിരുന്നു പൂരിപ്പിച്ച എന്യൂമറേഷൻ ഫോം സമർപ്പിക്കേണ്ടിയിരുന്നത്. ഈ സമയപരിധി ഡിസംബർ 11 വരെയാക്കിയാണ് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ നീട്ടിയിട്ടുള്ളത്. കേരളം അടക്കം എസ്‌ഐആർ പ്രക്രിയ നടക്കുന്ന 12 സംസ്ഥാനങ്ങളിലെ സമയപരിധിയാണ് നീട്ടിയിട്ടുള്ളത്. കേരളത്തിൽ ഡിസംബർ 9 ന് കരട് വോട്ടർ പട്ടിക പ്രസിദ്ധീകരിക്കുമെന്നാണ് നേരത്തെ പ്രഖ്യാപിച്ചിരുന്നത്.

പുതിയ തീരുമാനപ്രകാരം കരട് പട്ടിക ഡിസംബർ 16 നാണ് പ്രസിദ്ധീകരിക്കും. കരടു വോട്ടർ പട്ടികയിലെ പരാതികൾ കേട്ട്, പരിഹാര നടപടികൾ പൂർത്തിയാക്കി അന്തിമ വോട്ടർ പട്ടിക ഫെബ്രുവരി 14 ന് പ്രസിദ്ധീകരിക്കുമെന്നും കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ അറിയിച്ചു. എസ്‌ഐആർ സമയപരിധി നീട്ടണണെന്ന് കേരളത്തിലെ രാഷ്ട്രീയ പാർട്ടികളും ബിഎൽഒമാരും അടക്കമുള്ള ഉദ്യോഗസ്ഥരും ആവശ്യപ്പെട്ടിരുന്നു.