ന്യൂഡൽഹി: ഉത്സവങ്ങളിൽ ആന എഴുന്നള്ളിപ്പ് പൂർണ്ണമായി തടയാനുള്ള നീക്കമാണ് കേരള ഹൈക്കോടതി നടത്തുന്നതെന്ന് സുപ്രീംകോടതി നിരീക്ഷണം. ആന എഴുന്നള്ളിപ്പ് സംസ്‌കാരത്തിന്റെ ഭാഗമാണെന്ന് ജസ്റ്റിസുമാരായ ബി വി നാഗരത്‌ന, സതീഷ് ചന്ദ്ര ശർമ്മ എന്നിവരടങ്ങിയ ബെഞ്ച് അഭിപ്രായപ്പെട്ടു.

വളർത്തുനായയായ ബ്രൂണോ കൊല്ലപ്പെട്ടതിനെ തുടർന്ന് സ്വമേധയാ എടുത്ത കേസിലാണ് ആന എഴുന്നള്ളിപ്പുമായി ബന്ധപ്പെട്ട നിയന്ത്രണങ്ങൾ ഹൈക്കോടതി പുറപ്പടുവിച്ചതെന്നും സുപ്രീംകോടതി ചൂണ്ടിക്കാട്ടി. കേസിൽ കേരള ഹൈക്കോടതിയുടെ ഡിവിഷൻ ബെഞ്ച് പുറപ്പടുവിച്ച ഇടക്കാല ഉത്തരവ് സുപ്രീംകോടതി സ്റ്റേ ചെയ്തു.


കേരള ഹൈക്കോടതി ഉത്തരവിനെതിരെ വിശ്വ ഗജസേവാ സമിതിയെന്ന സംഘടനയാണ് സുപ്രീംകോടതിയെ സമീപിച്ചത്. സംഘടനയ്ക്ക് വേണ്ടി ഹാജരായ സീനിയർ അഭിഭാഷകൻ വികാസ് സിങ് ഹൈക്കോടതി ഡിവിഷൻ ബെഞ്ചിലെ ജഡ്ജിമാർക്കെതിരെ ചില ആരോപണങ്ങൾ ഉന്നയിച്ചു. ഡിവിഷൻ ബെഞ്ചിലെ നടപടികൾ പൂർണ്ണമായും സ്റ്റേ ചെയ്യണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടുവെങ്കിലും സുപ്രീംകോടതി അത് അംഗീകരിച്ചില്ല.























