തിരുവനന്തപുരം മെഡിക്കൽ കോളജിൽ ഐസിയുവിൽ കിടന്ന യുവതിയെ കടന്നു പിടിച്ചു; ജീവനക്കാരൻ അറസ്റ്റിൽ

തിരുവനന്തപുരം: മെഡിക്കൽ കോളജിൽ ശസ്ത്രക്രിയ കഴിഞ്ഞ് ഐസിയുവിൽ കിടന്ന യുവതിയെ കടന്നു പിടിച്ച ജീവനക്കാരൻ അറസ്റ്റിൽ. ഓർത്തോപീഡിക്സ് വിഭാഗം ജീവനക്കാരൻ ദിൽകുമാറാണ് (52) അറസ്റ്റിലായത്. പ്രതിയെ ആശുപത്രി സൂപ്രണ്ട് സസ്പെൻഡ് ചെയ്തു.

ഇക്കഴിഞ്ഞ വെള്ളിയാഴ്ച രാത്രിയാണ് സംഭവം. ശസ്ത്രക്രിയ കഴിഞ്ഞ് ഐസിയുവിൽ വിശ്രമത്തിലായിരുന്നു യുവതി. ദിൽകുമാർ ഡ്യൂട്ടി കഴിഞ്ഞു പോകാൻ നേരം ഐസിയുവിൽ കയറുകയായിരുന്നു. ഈ സമയം യുവതി മയക്കത്തിലായിരുന്നു. ഐസിയുവിലെത്തിയ ഇയാൾ യുവതിയെ കടന്നു പിടിക്കുകയായിരുന്നു. യുവതി അവശതയിൽ ആയതുകൊണ്ട് തന്നെ അപ്പോൾ ബഹളം വെക്കാൻ പോലും സാധിച്ചില്ല. പിന്നീട് രാത്രി ബന്ധുക്കൾ കാണാനെത്തിയപ്പോഴാണ് ഇവർ കരഞ്ഞുകൊണ്ട് ഈ സംഭവങ്ങൾ വിവരിക്കുന്നത്. ഡ്യൂട്ടിയിലുണ്ടായിരുന്ന നഴ്സുമാരെ അപ്പോൾ തന്നെ ബന്ധുക്കൾ വിവരമറിയിച്ചു. തുടർന്ന് ആർഎംഒയുടെ നേതൃത്വത്തിൽ പ്രാഥമിക അന്വേഷണം നടത്തി. ഇയാളെ കുറ്റക്കാരനെന്ന് കണ്ടെത്തി. ഈ റിപ്പോർട്ട് സൂപ്രണ്ടിന് സമർപ്പിച്ചു. സൂപ്രണ്ടാണ് മെഡിക്കൽ കോളജ് പൊലീസിൽ വിവരമറിയിച്ചത്. തുടർന്ന് പൊലീസ് എത്തി അറസ്റ്റ് ചെയ്യുകയായിരുന്നു.