ആലപ്പുഴ: ഹൈബ്രിഡ് കഞ്ചാവ് കേസിൽ നടന്മാരായ ഷൈൻ ടോം ചാക്കോ, ശ്രീനാഥ് ഭാസി എന്നിവരടക്കം അഞ്ച് പേരെ നാളെ ചോദ്യം ചെയ്യും. അലപ്പുഴ എക്‌സൈസ് സംഘം വിളിച്ചുവരുത്തിയാണ് ഇവരെ ചോദ്യം ചെയ്യുക. പ്രതികളെ ചോദ്യം ചെയ്തതിൽ നിന്ന് കഞ്ചാവ് കടത്തിനെക്കുറിച്ചും സാമ്പത്തിക ബന്ധത്തെക്കുറിച്ചും കൂടുതൽ വിവരങ്ങൾ ലഭിച്ചതോടെയാണ് കൂടുതൽ പേർക്ക് ചോദ്യം ചെയ്യൽ നോട്ടീസ് നൽകിയത്. എന്തിനു വേണ്ടിയാണ് പണമിടപാട് നടത്തിയത് എന്നതിൽ വ്യക്തത വരുത്താനാണ് ഇവരെ വിളിച്ചു വരുത്തുന്നത്.

ലഹരി ഇടപാടുമായി ഇവർക്ക് നേരിട്ട് ബന്ധമുണ്ടോ എന്നും പരിശോധിക്കും. ശ്രീനാഥ് ഭാസി, ഷൈൻ ടോം ചാക്കോ, കൊച്ചിയിലെ മോഡൽ, ബിഗ് ബോസ്സ് താരം, സിനിമ മേഖലയിലെ മറ്റൊരാൾ എന്നിവരോട് തിങ്കളാഴ്ച ഹാജരാകാനാണ് നിർദേശം നൽകിയത്. പ്രതികൾ മൂന്നു പേരെ ഇന്നലെ എറണാകുളത്തെ ഇവർ താമസിച്ച രണ്ട് ഹോട്ടലുകളിലും സുഹൃത്തിന്റെ ഫ്‌ലാറ്റിലും കഞ്ചാവ് പിടികൂടിയ ആലപ്പുഴ ഓമനപ്പുഴയിലെ റിസോർട്ടിലും എത്തിച്ച് തെളിവെടുപ്പ് പൂർത്തിയാക്കിയിരുന്നു.


പ്രതി തസ്ലീമ സുൽത്താന്റെ ഫോണിൽ നിന്ന് ശാസ്ത്രീയ പരിശോധനയിലൂടെ കൂടുതൽ തെളിവുകൾ കണ്ടെത്താൻ സാധിച്ചു എന്നാണ് എക്‌സൈസിന്റെ വിലയിരുത്തൽ. പ്രതികളെ ചോദ്യം ചെയ്തതിൽ തസ്ലീമിൽ നിന്നാണ് ലഹരി കടത്തിന്റെ കൂടുതൽ വിവരങ്ങൾ ലഭിച്ചത്.























