അനർഹമായി സാമൂഹ്യ സുരക്ഷാ പെൻഷൻ വാങ്ങിയ 116 ജീവനക്കാർക്ക് കൂടി സസ്‌പെൻഷൻ

തിരുവനന്തപുരം: സാമൂഹ്യ സുരക്ഷാ പെൻഷൻ അനർഹമായി കൈപ്പറ്റിയ 116 സർക്കാർ ജീവനക്കാരെ കൂടി സർവീസിൽനിന്ന് സസ്പെൻഡ് ചെയ്തു. റവന്യു, സർവേ, മൃഗസംരക്ഷണം, ക്ഷീരവികസനം വകുപ്പുകളിലെ ജീവനക്കാരാണ് സസ്‌പെൻഷനിലായത്. കൈപ്പറ്റിയ തുക 18 ശതമാനം പലിശ സഹിതം തിരിച്ചുപിടിക്കും.

മൃഗസംരക്ഷണ വകുപ്പിലെ 74 ജീവനക്കാർക്കെതിരെയാണ് നടപടി സ്വീകരിച്ചത്. പാർട്ട് ടൈം സ്വീപ്പർമാരും അറ്റൻഡർമാരും മുതൽ വെറ്ററിനറി സർജൻ വരെയുള്ളവരാണ് പട്ടികയിലുള്ളത്. പലിശ ഉൾപ്പെടെ 24,97,116 രൂപയാണ് ഇവരിൽനിന്ന് തിരിച്ചുപിടിക്കുക. ക്ഷീരവികസന വകുപ്പിൽ പാർട്ട്‌ടൈം സ്വീപ്പർ, ക്ലീനർ, ക്ലർക്ക് തസ്തികകളിലെ നാല് ജീവനക്കാരെയാണ് സസ്‌പെൻഡ് ചെയ്തത്. റവന്യു വകുപ്പിൽ ക്ലർക്ക്, വില്ലേജ് ഫീൽഡ് അസിസ്റ്റന്റ്, ടൈപ്പിസ്റ്റ്, ഓഫീസ് അറ്റൻഡന്റ്, പാർട്ട് ടൈം സ്വീപ്പർ തസ്തികകളിലായി 34 പേർക്കെതിരെയാണ് നടപടിയെടുത്തത്. സർവേ വകുപ്പിൽ സർവേയർ, ഡ്രാഫ്റ്റ്‌സ്മാൻ, പാർട്ട് ടൈം സ്വീപ്പർ തസ്തികകളിൽ ജോലി ചെയ്യുന്ന നാലു പേർക്കെതിരെയും നടപടി സ്വീകരിച്ചു. ഇവർ അനർഹമായി കൈപ്പറ്റിയത് ആകെ 10,46,400 രൂപയാണ്.

വിവിധ വകുപ്പുകളിലായുള്ള 1458 സർക്കാർ ജീവനക്കാർ അനർഹമായി സാമൂഹ്യസുരക്ഷാ പെൻഷൻ വാങ്ങുന്നതായാണ് ധനവകുപ്പിന്റെ പരിശോധനയിൽ കണ്ടെത്തിയത്. ഇതേത്തുടർന്നാണ് ഇവർക്കെതിരെയുള്ള നടപടികൾ അതത് വകുപ്പുകൾ ആരംഭിച്ചത്. മണ്ണ് പര്യവേക്ഷണ- സംരക്ഷണ വകുപ്പിലെ ആറു ജീവനക്കാരെ നേരത്തെ സസ്‌പെൻഡ് ചെയ്തിരുന്നു.