എംപുരാൻ വിവാദം: ഗോധ്ര പരാമർശമില്ല, ഗർഭിണിയെ ബലാത്സംഗം ചെയ്യുന്ന രംഗം വെട്ടിമാറ്റി; പ്രതികരിച്ച് സെൻസർ ബോർഡ്

തിരുവനന്തപുരം: എംപുരാൻ സിനിമയെച്ചൊല്ലി വിവാദമുണ്ടാക്കുന്നവർ സിനിമ കാണാത്തവരാണെന്ന് സെൻസർ ബോർഡ് അംഗവും ബിജെപിയുടെ സാംസ്‌കാരിക വിഭാഗമായ തപസ്യയുടെ ജനറൽ സെക്രട്ടറിയുമായ ജിഎം മഹേഷ്. എംപുരാനിൽ ഗോധ്രയെക്കുറിച്ച് ഒരു പരാമർശവുമില്ലെന്ന് മഹേഷ് പറഞ്ഞു. പറയുന്നത് ഗോധ്രയെക്കുറിച്ചാണോ എന്നൊക്കെ വ്യാഖ്യാനിക്കുന്നത് കാണുന്നവരുടെ വിവേചനാധികാരമാണെന്ന് മഹേഷ് പറഞ്ഞു. എംപുരാനെതിരെ ബിജെപി കേന്ദ്രങ്ങളിൽനിന്നു തന്നെ വിമർശനമുയരുന്ന പശ്ചാത്തലത്തിലാണ് മഹേഷിന്റെ പ്രതികരണം.

സെൻസർ ബോർഡിന് നിയമത്തിനു കീഴിൽ നിന്നു മാത്രമേ പ്രവർത്തിക്കാനാവൂവെന്ന് മഹേഷ് പറഞ്ഞു. സിനിമ സർട്ടിഫൈ ചെയ്യുന്നതിൽ അടുത്തിടെ കേന്ദ്ര സർക്കാർ ചില മാറ്റങ്ങൾ കൊണ്ടുവന്നിട്ടുണ്ട്. പതിനാറു വയസ്സിനു മുകളിലുള്ളവർക്കു മാത്രം കാണാവുന്ന സിനിമകൾ (യുഎ 16+), പതിമൂന്നു വയസ്സിനു മുകളിലുള്ളവർക്കു മാത്രം കാണാവുന്ന സിനിമകൾ (യുഎ 13+), ഏഴു വയസ്സിനു മുകളിലുള്ളവർക്കു മാത്രം കാണാവുന്ന ചിത്രങ്ങൾ (യുഎ 7+) എന്നിങ്ങനെയാണ് മാനദണ്ഡം.

എംപുരാന് യുഎ 16+ സർട്ടിഫിക്കറ്റ് ആണ് നൽകിയത്. ചിത്രത്തിൽ ഗർഭിണിയെ ബലാത്സംഗം ചെയ്യുന്ന, 22 സെക്കൻഡ് ദൈർഘ്യമുള്ള രംഗമുണ്ടായിരുന്നു. അതു കട്ട് ചെയ്തു. അതു നാലു സെക്കൻഡ് ആക്കി ചുരുക്കി. ദേശീയപതാകയിലെ പച്ച ചൂണ്ടി ഒരു കഥാപാത്രം വർഗീയത പറയുന്ന രംഗമുണ്ടായിരുന്നു. അതും ഒഴിവാക്കിയെന്ന് മഹേഷ് പറഞ്ഞു.

എംപുരാൻ സിനിമയെക്കുറിച്ച് ഇന്നലെ ബിജെപി കോർ കമ്മിറ്റി യോഗത്തിൽ ചർച്ചയായെന്ന് നേരത്തെ വാർത്തകൾ വന്നിരുന്നു. സംഘപരിവാർ ബന്ധമുള്ള സെൻസർ ബോർഡ് അംഗങ്ങൾക്ക് സിനിമയ്ക്കു സർട്ടിഫിക്കറ്റ് നൽകിയതിൽ കൂടുതൽ ഫലപ്രദമായി ഇടപെടാമായിരുന്നു എന്ന വിധത്തിൽ യോഗത്തിൽ വിമർശനം ഉയർന്നതായാണ് റിപ്പോർട്ടുകൾ. അതേസമയം ബിജെപി കോർ യോഗത്തിൽ എംപുരാൻ ചർച്ചയായി എന്ന നിലയിൽ വന്ന വാർത്ത സത്യവിരുദ്ധമാണെന്ന് ജനറൽ സെക്രട്ടരി പി സുധീർ അറിയിച്ചു. ബിജെപി കോർ യോഗം എംപുരാൻ സിനിമയെക്കുറിച്ച് ചർച്ച ചെയ്തിട്ടില്ല. സിനിമയുടെ പ്രമോഷനോ സിനിമ ആര് കാണണം എന്നുള്ള കാര്യങ്ങൾ ഒന്നും ചർച്ച ചെയ്യുന്നത് ബിജെപിയുടെ രീതിയല്ലെന്നും സുധീർ പറഞ്ഞു.