‘എഡിഎമ്മിനെതിരായ അധിക്ഷേപം ആസൂത്രിതം, പ്രതി പി.പി ദിവ്യ മാത്രം’; കുറ്റപത്രം ഇന്ന് സമർപ്പിക്കും

കണ്ണൂർ: എഡിഎം കെ നവീൻ ബാബുവിന്റ മരണത്തിൽ ഇന്ന് കുറ്റപത്രം സമർപ്പിക്കും. പി പി ദിവ്യയാണ് കേസിലെ ഏക പ്രതി. മരണ കാരണം യാത്രയയപ്പ് യോഗത്തിൽ പിപി ദിവ്യ നടത്തിയ അധിക്ഷേപം എന്നുമാണ് കുറ്റപത്രത്തിലുള്ളത്. പ്രാദേശിക ചാനലിനെ വിളിച്ചുവരുത്തി ദൃശ്യങ്ങൾ പകർത്തി, പ്രചരിപ്പിച്ചതും പിപി ദിവ്യ തന്നെയെന്ന് കുറ്റപത്രത്തിൽ പറയുന്നു. കണ്ണൂർ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയിലാണ് പ്രത്യേക അന്വേഷണസംഘം കുറ്റപത്രം സമർപ്പിക്കുക. യാത്രയയപ്പ് ചടങ്ങിനെ കുറിച്ച് അറിയാൻ പി പി ദിവ്യ പലതവണ കളക്ടറുടെ പി എ യെ ഫോണിൽ വിളിച്ചു. ദിവ്യ ക്ഷണിക്കാത്ത ചടങ്ങിനെത്തിയത് കൃത്യമായ ലക്ഷ്യത്തോടെയാണെന്ന് കുറ്റപത്രത്തിൽ പറയുന്നു. കുറ്റപത്രത്തിനൊപ്പം 85 സാക്ഷി മൊഴികളും ശാസ്ത്രീയ തെളിവുകളുമുണ്ട്.

പെട്രോൾ പമ്പിന് അനുമതി നൽകാൻ നവീൻ ബാബു കൈക്കൂലി വാങ്ങി എന്നായിരുന്നു പി പി ദിവ്യയുടെ ആരോപണം. എന്നാൽ കൈക്കൂലി വാങ്ങിയിട്ടില്ല എന്നാണ് ലാൻഡ് റവന്യൂ ജോയിന്റ് കമ്മീഷണറുടെ റിപ്പോർട്ടിലെ കണ്ടെത്തൽ. ഫയൽ നീക്കവുമായി ബന്ധപ്പെട്ട് യാതൊരുവിധ അസ്വഭാവികതയുമില്ല, അനധികൃത ഇടപെടലുമുണ്ടായിട്ടില്ല, കൈക്കൂലി വാങ്ങിയതിന് തെളിവുമില്ല എന്നാണ് റിപ്പോർട്ടിൽ വ്യക്തമാകുന്നത്.

എഡിഎമ്മിനെ അപമാനിക്കാൻ പി പി ദിവ്യ ആസൂത്രിത നീക്കം നടത്തി. മുൻകൂട്ടി നിശ്ചയിച്ച യാത്രയയപ്പ് ചടങ്ങിൽ ക്ഷണിക്കാതെയാണ് ദിവ്യ എത്തിയത്.. കലക്ടറുടെ ഓഫീസിൽ നാല് തവണ വിളിച്ച് യാത്രയയപ്പ് ചടങ്ങിന്റെ സമയം ഉറപ്പിച്ചിരുന്നു എന്നും ലാൻഡ് റവന്യു ജോയിന്റ് കമ്മീഷണറുടെ റിപ്പോർട്ടിൽ പറയുന്നു. പരിപാടി ചിത്രീകരിക്കാൻ കണ്ണൂർ വിഷൻ ചാനലിനോട് നിർദ്ദേശിച്ചതും പി പി ദിവ്യ തന്നെ. തുടർന്ന് ഈ ദൃശ്യങ്ങളും ദിവ്യ ശേഖരിച്ചതായും കണ്ണൂർ വിഷൻ ജീവനക്കാർ മൊഴി നൽകിയിട്ടുണ്ട്.