എമ്പുരാന്റെ ആദ്യ ഷോ പൂർത്തിയായി. ഒറ്റവാക്കിൽ ഗംഭീരം എന്നാണ് ആരാധകവിലയിരുത്തൽ. മോഹൻലാലിന്റെ മാസ് എൻട്രിയും മുരളി ഗോപിയുടെ കിടിലൻ ഡയലോഗുകളും തിയറ്ററുകളിൽ ആവേശത്തിന്റെ അലകടൽ സൃഷ്ടിച്ചു. വ്യാഴം രാവിലെ 6 മണിക്ക് ആണ് ഫാൻ ഷോ ആരംഭിച്ചത്. ആഗോള റിലീസ് ആയി എത്തിയ ചിത്രത്തിന് ഗംഭീര വരവേൽപ്പ് ലഭിക്കുന്നു. മലയാളത്തിലെ ഏറ്റവും മുതൽമുടക്കുള്ള ചിത്രമായ എമ്പുരാൻ, ആരാധകർക്ക് ആവേശക്കാഴ്ചയായിക്കഴിഞ്ഞു.

മലയാളം കണ്ടതിൽ വച്ച് ഏറ്റവും വലിയ ബ്രഹ്മാണ്ഡ റിലീസിനാണ് സിനിമാ പ്രേമികൾ സാക്ഷ്യം വഹിച്ചത്. ലോകം മുഴുവനുമുള്ള സിനിമാ പ്രേമികൾ അത്യധികം ആകാംക്ഷയോടെ കാത്തിരുന്ന ചിത്രം പ്രേക്ഷകസ്വീകാര്യതയിലും ആഗോള കലക്‌ഷനിലും ചരിത്രം സൃഷ്ടിക്കുമെന്നാണ് വിലയിരുത്തൽ.


എമ്പുരാന്റെ ഭാഗമാകാൻ കഴിഞ്ഞതിൽ അഭിമാനമെന്ന് മഞ്ജു വാര്യർ. മൂന്നാം ഭാഗത്തിനായി കാത്തിരിക്കുകയാണ്. സിനിമ ലോകമെമ്പാടും ഏറ്റെടുത്തു. ആരാധർക്കൊപ്പം ആദ്യ ഷോ കാണാൻ സാധിച്ചതിൽ സന്തോഷം. സിനിമയുടെ അന്തിമ വിധി എന്നും പ്രേക്ഷകരുടെ കൈയിലെന്നും മഞ്ജു വാര്യർ ആദ്യ ഷോ കഴിഞ്ഞ് പ്രതികരിച്ചു. മഞ്ജു വാര്യർ ടോവിനോ ഇന്ദ്രജിത് മോഹൻലാൽ പ്രണവ് മോഹൻലാൽ പൃഥ്വിരാജ് ഗോകുലം ഗോപാലൻ എന്നിവർ ആദ്യ ഷോ കാണാൻ എത്തിയിരുന്നു.























