കൊച്ചി: കുഞ്ഞ് മക്കൾക്കൊപ്പം സ്വപ്നം കണ്ട് ഉറങ്ങിയതാണ്.. ഇനിയും ഒരിക്കലും ഉണരാത്ത ലോകത്തേക്ക് അവർ പോയി. അങ്കമാലിയിലെ ഈ കുടുംബത്തിന് സംഭവിച്ച ദുരന്തം
വിശ്വസിക്കാനാവുന്നില്ല. ഇന്ന് പുലർച്ചെയാണ് ദമ്പതികളും മക്കളും വീടിന്റെ രണ്ടാം നിലയിലെ മുറിക്കുള്ളിൽ വെന്ത് മരിച്ചത്. തീ പടരുന്നത് കണ്ട് ഓടികൂടിയവർക്കൊന്നും മുകളിലേക്ക് കയറാൻ കഴിയാത്ത വിധം തീ ആളി പടർന്നു. താഴത്തെ നിലയിൽ അമ്മ മാത്രമാണുണ്ടായിരുന്നത്. ആദ്യം അറിഞ്ഞത് ഗോഡൗണിൽ തീപ്പിടിച്ചുവെന്നാണ്. മുൻപും വീട്ടിലെ മലഞ്ചരക്ക് ഗോഡൗണിൽ തീപ്പിടിച്ചിട്ടുണ്ട്. മുറിക്കുള്ളിലെ എയർ കണ്ടീഷനിൽ ഷോർട് സർക്യുട്ടാണ് തീപിടുത്തതിന് കാരണമെന്നാണ് പ്രാഥമിക കണ്ടെത്തൽ. ഫിംഗർ പ്രിന്റ്, ഫോറൻസിക് എന്നിവർ ശാസ്ത്രീയ തെളിവുകൾ ശേഖരിച്ചു.

അങ്കമാലി അയ്യമ്പള്ളി വീട്ടിൽ ബിനീഷ് കുര്യൻ(45), ഭാര്യ അനുമോൾ (40) മക്കളായാ ജോവാന (8), ജെസ്വിൻ (5) എന്നിവരാണ് മരിച്ചത്. മലഞ്ചരക്ക് ഹോൾസെയിൽ വ്യാപാരിയാണ് ബിനീഷ്. വ്യാപാരിയായ പിതാവ് ഒരു വർഷം മുൻപാണ് മരിക്കുന്നത്. അനുമോൾ മുക്കനൂർ ഹോസ്പിറ്റലിൽ നഴ്സിംഗ് ടീച്ചറാണ്. കുഞ്ഞ് മക്കൾ അവധിക്കാലം കഴിഞ്ഞ് വിദ്യാലയത്തിലേക്ക് പോയി തുടങ്ങിയതേയുള്ളു.


അവരുടെ കളിചിരികൾ നിറഞ്ഞു നിന്ന വീട്ടുമുറ്റം ഇപ്പോൾ നിശബ്ദമാണ്. വീട്ടിൽ ജോലിക്കെത്തുന്നവർക്കും നാട്ടുകാർക്കും നല്ലത് മാത്രമാണ് ഈ കുടുംബത്തെ കുറിച്ച് പറയാനുള്ളത്.
വ്യാപാരി മേഖലയിലും പള്ളികമ്മറ്റിയിലുമൊക്ക നിറ സാന്നിധ്യമായിരുന്നു ബിനീഷ്. ഇന്നലെ രാത്രിയിലും പാച്ചോർ നേർച്ചയ്ക്കുള്ള തയ്യാറെടുപ്പിനായി പള്ളിയിൽ ചിലവഴിച്ചിട്ടാണ് വീട്ടിൽ വന്നത്.
എല്ലാവരോടും സ്നേഹത്തോടെ പെരുമാറിയിരുന്ന കൊച്ചുമോൻ എന്ന് വിളിക്കുന്ന ബിനീഷിന്റെ കുടുംബത്തിന് സംഭവിച്ച അപ്രതീക്ഷിത ദുരന്തം താങ്ങാവുന്നതിനുപ്പുറമാണ്.
പൂർണമായി കത്തിയമർന്ന മുറിക്കുള്ളിൽ നിന്നും നാലുപേരുടെയും കത്തിക്കരിഞ്ഞ മൃതദേഹം പോലീസ് പുറത്തെടുത്തു. ആംബുലൻസിൽ കയറ്റുമ്പേഴേക്കും പ്രിയപ്പെട്ടവർ അലമുറയിട്ട് കരയുകയായിരുന്നു. നാല് ആംബുലൻസുകളിലായി നാലുപേരുടെയും മൃതദേഹങ്ങൾ ആശുപത്രിയിലേക്ക് മാറ്റി.























