മികച്ച കർഷകനുള്ള നിരവധി പുരസ്‌കാരങ്ങൾ നേടിയ കർഷകൻ കടബാധ്യതയെത്തുടർന്ന് ജീവനൊടുക്കി

കണ്ണൂർ: കടബാധ്യതയെ തുടർന്ന് കർഷകൻ ആത്മഹത്യ ചെയ്തു. ചെറുപുഴ സ്വദേശി ഏലിയാസ് അമ്പാട്ട് ആണ് മരിച്ചത്. കീടനാശിനി കഴിച്ച് സ്വകാര്യ ചികിത്സയിൽ ഇരിക്കെ ഇന്ന് പുലർച്ചെ ആണ് അന്ത്യം. മികച്ച കർഷകനുള്ള പുരസ്‌കാരമടക്കം നേടിയ കർഷകനായിരുന്നു ഏലിയാസ്. ഫെബ്രുവരി 11ന് തന്റെ കൃഷിയിടത്തിൽ വെച്ച് കീടനാശിനി കഴിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ച ഏലിയാസ്, കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിൽ കഴിയവെ ഇന്ന് പുലർച്ചെയാണ് മരിച്ചത്.

കഴിഞ്ഞ 39 വർഷമായി കൃഷിയെ മാത്രം ജീവിതോപാധിയായി കണ്ടിരുന്ന ഏലിയാസ്, നാട്ടിലെ അറിയപ്പെടുന്ന കർഷകനായിരുന്നു. മികച്ച കർഷകനുള്ള പുരസ്‌കാരങ്ങൾ ഉൾപ്പെടെ നേടിയിട്ടുള്ള ഇദ്ദേഹം പത്തേക്കറോളം സ്ഥലം പാട്ടത്തിനെടുത്താണ് പച്ചക്കറി കൃഷി നടത്തിയിരുന്നത്. എന്നാൽ കാർഷിക മേഖലയിലെ തിരിച്ചടികൾ ഏലിയാസിന്റെ കണക്കുകൂട്ടലുകൾ തെറ്റിച്ചു. വിവിധ സഹകരണ ബാങ്കുകളിൽ നിന്നും വ്യക്തികളിൽ നിന്നുമായി മുപ്പത് ലക്ഷത്തോളം രൂപയുടെ കടബാധ്യത ഇദ്ദേഹത്തിനുണ്ടായിരുന്നതായി ബന്ധുക്കൾ പറയുന്നു. വിളനാശവും പച്ചക്കറികളുടെ വിലയിടിവും പ്രതിസന്ധി രൂക്ഷമാക്കി. കൃഷിയിൽ നിന്നുള്ള വരുമാനം കൊണ്ട് വായ്പാ തിരിച്ചടവ് അസാധ്യമായതോടെയാണ് അദ്ദേഹം കടുത്ത തീരുമാനത്തിലേക്ക് നീങ്ങിയത്. പ്രതിസന്ധി ഘട്ടങ്ങളിൽ സർക്കാരിൽ നിന്ന് വേണ്ടത്ര പിന്തുണ ലഭിച്ചില്ലെന്ന് കുടുംബം ആരോപിക്കുന്നു. മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി പരിയാരം മെഡിക്കൽ കോളേജിലേക്ക് മാറ്റി. സംസ്‌കാരം നാളെ നടക്കും.