ബിസ്‌കറ്റ് കഴിച്ചതിന് പിന്നാലെ കുഞ്ഞ് മരിച്ച സംഭവത്തിൽ പിതാവ് അറസ്റ്റിൽ; ദുരൂഹത

തിരുവനന്തപുരം: നെയ്യാറ്റിൻകരയിൽ ബിസ്‌കറ്റ് കഴിച്ചതിന് പിന്നാലെ ഒരു വയസുകാരൻ കുഴഞ്ഞുവീണു മരിച്ച സംഭവത്തിൽ പിതാവ് കസ്റ്റഡിയിൽ. കാഞ്ഞിരംകുളം സ്വദേശി ഷിജിലിനെ ആണ് പൊലീസ് കസ്റ്റഡിലെടുത്തത്. ഷിജിൽ നൽകിയ ബിസ്‌കറ്റ് കഴിച്ചാണ് കുഞ്ഞ് കുഴഞ്ഞുവീണ് മരിച്ചത്. പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് ലഭിച്ചാലെ മരണകാരണം വ്യക്തമാകൂ എന്ന് പൊലീസ് പറയുന്നു. ഇക്കഴിഞ്ഞ വെള്ളിയാഴ്ച രാത്രിയാണ് ഒരു വയസ്സുകാരനായ ഇഹാൻ കുഴഞ്ഞു വീണു മരിച്ചത്. പിതാവ് ഷിജിൽ വാങ്ങി കൊണ്ടുവന്ന ബിസ്‌ക്കറ്റ് ഭാര്യ കൃഷ്ണപ്രിയ കുഞ്ഞിന് നൽകിയതിനു പിന്നാലെയാണ് കുഞ്ഞ് കുഴഞ്ഞ് വീണത്. നെയ്യാറ്റിൻകര ജനറൽ ആശുപത്രിയിൽ എത്തിച്ചെങ്കിലും കുഞ്ഞ് മരിച്ചു.

മരണത്തിൽ ദുരൂഹതയുണ്ടെന്ന് ആരോപണമായി കൃഷ്ണപ്രിയയുടെ ബന്ധുക്കൾ രംഗത്തെത്തിയതിനെ തുടർന്ന് മാതാപിതാക്കളെ നെയ്യാറ്റിൻകര പോലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തു. വായിൽ നിന്ന് നുരയും പതയും വരികയും ശരീരം തണുത്ത് ചുണ്ടിന് നിറവ്യത്യാസം വരികയും ചെയ്തതായി കൃഷ്ണപ്രിയ മൊഴി നൽകി. പിന്നാലെ മാതാവിനെ വിട്ടയച്ചു. ഷിജിലും കൃഷ്ണപ്രിയയുമായി കുടുംബ പ്രശ്‌നങ്ങൾ നിലനിന്നിരുന്നതാണ് സംശയം ബലപ്പെടാൻ കാരണം. അകന്നു കഴിയുകയായിരുന്നു ഇവർ വീണ്ടും ഒന്നിച്ച് താമസിക്കാൻ തുടങ്ങിയിട്ട് ആഴ്ചകളേ ആയിട്ടുള്ളൂ.

കുഞ്ഞ് നിലത്ത് വീണോ എന്ന് അത്യാഹിത വിഭാഗത്തിലെ ഡോക്ടർ രക്ഷിതാക്കളോട് ചോദിച്ചെങ്കിലും ഇല്ലെന്നായിരുന്നു മറുപടി. എന്നാൽ ഒരാഴ്ച്ച മുമ്പ് കുഞ്ഞ് വീണ് കൈക്ക് വളവ് ഉണ്ടായത് കാരണം കാരക്കോണം മെഡിക്കൽ കോളേജിൽ നിന്ന് പ്ലാസ്റ്റർ ഇട്ടിരുന്നു.വയറിൽ ക്ഷതം ഏറ്റിരുന്നതായി സംശയമുണ്ട്. പോസ്റ്റ്‌മോർട്ടം റിപ്പോർട്ടും ഫോറൻസിക് പരിശോധന ഫലവും ലഭിച്ചാലെ മരണകാരണം വ്യക്തമാകു എന്ന് നെയ്യാറ്റിൻകര പൊലീസ് വ്യക്തമാക്കി.