അമ്മയോട് കൂടുതൽ അടുപ്പം കാണിച്ചതിന് എട്ട് വയസുകാരിയെ ക്രൂരമായി മർദിച്ച് പിതാവ്

കണ്ണൂർ: ചെറുപുഴയിൽ എട്ട് വയസുകാരിയായ മകളെ ക്രൂരമായി മർദിച്ച പിതാവ് കസ്റ്റഡിയിൽ. ചെറുപുഴ പ്രാപൊയിൽ സ്വദേശി ജോസ് ആണ് കസ്റ്റഡിയിലായിരിക്കുന്നത്. കഴിഞ്ഞ ദിവസം രാത്രിയാണ് ജോസ് മകളെ ക്രൂരമായി മർദിച്ചത്.

എട്ട് വയസുകാരിയുടെ സഹോദരനാണ് മർദനത്തിന്റെ ദൃശ്യങ്ങൾ പകർത്തിയത്. കുട്ടി അമ്മയോട് കൂടുതൽ അടുപ്പം കാണിക്കുന്നുവെന്ന വിചിത്രമായ ന്യായം പറഞ്ഞായിരുന്നു മർദനം. മാതാവ് കുറച്ചുകാലമായി വീട്ടിൽ നിന്ന് മാറിയാണ് നിൽക്കുന്നത്. മർദന ദൃശ്യങ്ങൾ പുറത്തുവന്നതോടെ നാട്ടുകാരിൽ ചിലർ പൊലീസിന് പരാതി നൽകുകയായിരുന്നു. നാട്ടുകാരുടെ പരാതിയുടെ അടിസ്ഥാനത്തിൽ പൊലീസ് ഇന്നലെ രാത്രി ഇവരുടെ വീട്ടിലെത്തിയപ്പോൾ കുട്ടികൾ പിതാവിനെ സംരക്ഷിക്കുന്ന തരത്തിലാണ് മൊഴി നൽകിയത്. അമ്മ വീട്ടിലേക്ക് തിരിച്ചുവരുന്നതിന് വേണ്ടി ഒരു പ്രാങ്ക് വിഡിയോ എടുക്കുകയായിരുന്നു തങ്ങളെന്നാണ് കുട്ടികൾ പൊലീസിനോട് പറഞ്ഞത്. എന്നാൽ ക്രൂരമർദനം പ്രാങ്ക് വിഡിയോയെന്ന മൊഴി പൊലീസ് വിശ്വാസത്തിലെടുത്തിരുന്നില്ല. ഇത് ജോസ് കുട്ടികളെക്കൊണ്ട് നിർബന്ധിച്ച് പറയിച്ചതാകാമെന്നാണ് പൊലീസിന്റെ സംശയം. കേസിൽ കൂടുതൽ ചോദ്യം ചെയ്യൽ നടന്നുവരികയാണ്.