‘സ്ത്രീകളുടെ പ്രസവത്തെ സങ്കീർണമാക്കിയത് ആശുപത്രികൾ’; അഖിൽ മാരാരുടെ വിവാദ പരാമർശത്തിൽ പരാതി നൽകി വനിതാ ഡോക്ടർ

കൊച്ചി: സ്ത്രീകളുടെ പ്രസവത്തെക്കുറിച്ച് റിയാലിറ്റി ഷോ താരവും ട്വന്റി 20 സ്ഥാനാർഥിയുമായിരുന്ന അഖിൽ മാരാരുടെ പരാമർശത്തിൽ പരാതി നൽകി വനിതാ ഡോക്ടർ. സ്ത്രീകളുടെ പ്രസവം സങ്കീർണ്ണമാക്കിയത് ആശുപത്രികളാണെന്ന വസ്തുതാ വിരുദ്ധ പരാമർശം സമൂഹത്തിൽ പ്രചരിപ്പിക്കുകയെന്ന ഉദ്ദേശത്തോടെ നടത്തിയ പ്രസ്താവനയിൽ നടപടി എടുക്കണമെന്നാണ് ആവശ്യം. ആരോഗ്യ വകുപ്പിലെ മെഡിക്കൽ ഓഫീസറായ ഡോ. കെ. പ്രതിഭ ചീഫ് സെക്രട്ടറിക്കാണ് പരാതി നൽകിയത്.

നിലവിലുള്ള ആരോഗ്യ സംരക്ഷണ സംവിധാനത്തിന് മേൽ പൊതു സമൂഹത്തിൽ തെറ്റിദ്ധാരണകൾ ഉണ്ടാക്കുവാൻ ശ്രമം നടത്തിയ അഖിൽ മാരാർക്ക് എതിരെ കേരള പൊതു ജനാരോഗ്യ നിയമത്തിലെ വകുപ്പ് ഉൾപ്പെടുത്തി നടപടി സ്വീകരിക്കണമെന്ന് ഡോ. കെ. പ്രതിഭ പരാതിയിൽ ആവശ്യപ്പെട്ടു. സ്ത്രീകളുടെ പ്രസവം സങ്കീർണ്ണമാക്കിയത് ആശുപത്രികളും രക്ഷിതാക്കളുമെന്ന് സംവിധായകനും തൃക്കാക്കര എൻഡിഎ സ്ഥാനാർത്ഥിയുമായ അഖിൽ മാരാർ ഒരു അഭിമുഖത്തിൽ പറഞ്ഞത് സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിച്ചിരുന്നു.

സ്ത്രീകൾ വളരെ കൂളായും ഈസിയായിട്ടും ചെയ്തിരുന്ന പരിപാടിയായിരുന്നു പ്രസവമെന്നും ആശുപത്രികളും രക്ഷിതാക്കളും സങ്കീർണ്ണമാക്കിയെന്നുമായിരുന്നു അഖിൽ മാരാർ പറഞ്ഞത്. ഗർഭിണി ആയി കഴിഞ്ഞാൽ തന്നെ മാരക രോഗമാണെന്ന് പെൺകുട്ടികളുടെ മനസ്സിലേക്ക് പേടിപ്പിച്ച് ഇട്ടുകൊടുത്ത് പ്രസവത്തെ കോബ്ലിക്കേറ്റഡാക്കി വയ്ക്കുകയാണ്. പണ്ട് സ്ത്രീകൾ പോയി പ്രസവിച്ചിട്ട് ഉടൻ പോയി രണ്ട് കിലോ അരി ഇടിച്ച് വച്ചിട്ടുണ്ടെന്ന് മുമ്പ് കാലത്ത് ചിലരൊക്കെ പറയുമെന്നും അഖിൽ മാരാർ പറഞ്ഞിരുന്നു. അഖിൽ മാരാർ സംവിധായകനും, ആർട്ടിസ്റ്റും, അറിയപ്പെടുന്ന പൊതു പ്രവർത്തകനും എന്ന നിലയിൽ അദ്ദേഹത്തിന്റെ അഭിപ്രായ പ്രകടനങ്ങൾ പൊതു സമൂഹം ശ്രദ്ധയോടെ നിരീക്ഷിക്കുമെന്നിരിക്കെ നിലവിൽ സ്ത്രീകളുടെ പ്രസവം സങ്കീർണ്ണമാക്കിയത് ആശുപത്രികളാണെന്ന വസ്തുതാ വിരുദ്ധ പരാമർശം നടത്തിയത് അഭിപ്രായ സ്വാതന്ത്ര്യത്തിന്റെ ഭാഗമായി കാണുവാൻ കഴിയാത്ത കുറ്റകരമായ പ്രവൃത്തിയാണെന്ന് ഡോ. കെ. പ്രതിഭ ചൂണ്ടിക്കാട്ടി.

അൻപത് വർഷങ്ങൾക്ക് മുമ്പ് സ്ത്രീ പ്രസവിക്കുന്ന രീതികളും ജനിപ്പിക്കുന്ന കുട്ടികളുടെ എണ്ണവും വച്ച് ഇന്നത്തെ കാലത്തെ സ്ത്രീയെ താരതമ്യം ചെയ്യുവാൻ നിലവിൽ കഴിയില്ലെന്ന് ഡോ. കെ. പ്രതിഭ പറഞ്ഞു. സുരക്ഷിത പ്രസവവും ആരോഗ്യമുള്ള അമ്മയും കുഞ്ഞുമെന്ന ആശയവും മാതൃകാപരമായി നടപ്പിലാക്കുവാൻ സൗജന്യ ചികിത്സായും പരിചരണവും നിലവിൽ കേരള സർക്കാർ ഉറപ്പ് നൽകുന്നുണ്ട്. വീട്ടിലെ പ്രസവങ്ങൾക്ക് കർശന നിയന്ത്രണങ്ങൾ ആവശ്യപ്പെട്ട് ഹൈക്കോടതിയിൽ നിയമപോരാട്ടം നടത്തുന്ന ഡോക്ടറാണ് കെ പ്രതിഭ.