വനിതാ ഡോക്ടറുടെ മുഖത്ത് നിന്ന് ബലമായി ഹിജാബ് മാറ്റി നിതീഷ് കുമാർ, തടയാൻ ശ്രമിച്ച് ഉപമുഖ്യമന്ത്രി

പട്ന: സർക്കാർ പരിപാടിയിൽ വനിതാ ഡോക്ടറുടെ മുഖത്ത് നിന്ന് ഹിജാബ് മാറ്റാൻ ശ്രമിച്ച മുഖ്യമന്ത്രി നിതീഷ് കുമാറിന്റെ നടപടിയിൽ വിമർശനം. ഡോക്ടർക്ക് സർട്ടിഫിക്കറ്റ് നൽകുന്നതിനിടെ അവരുടെ ഹിജാബ് ഊരിമാറ്റാൻ മുഖ്യമന്ത്രി ആംഗ്യം കാണിക്കുന്നത് പ്രചരിക്കുന്ന വിഡിയോയിൽ കാണാം. യുവതി പ്രതികരിക്കുന്നതിനു മുൻപ്, നിതീഷ്കുമാർ കൈ നീട്ടി ഹിജാബ് താഴ്ത്തുന്നതും ദൃശ്യത്തിലുണ്ട്. പശ്ചാത്തലത്തിൽ ചിലർ ചിരിക്കുന്നുണ്ടെങ്കിലും, ഉപമുഖ്യമന്ത്രി സാമ്രാട്ട് ചൗധരി നിതീഷ് കുമാറിനെ തടയാൻ ശ്രമിക്കുന്നുണ്ടായിരുന്നു. നിതീഷ് കുമാറിന്റെ പ്രവർത്തി നീചമാണെന്ന് വിശേഷിപ്പിച്ച കോൺഗ്രസ്, മുഖ്യമന്ത്രി സ്ഥാനത്ത് നിന്ന് അദ്ദേഹം രാജിവയ്ക്കണമെന്ന് ആവശ്യപ്പെട്ടു.

നിതീഷ് കുമാർ ഹിജാബ് ഊരിയത് ജെഡിയു-ബിജെപി സഖ്യത്തിന്റെ സ്ത്രീകളോടുള്ള മനോഭാവമാണെന്ന് ആർജെഡി വക്താവ് ഇജാസ് അഹമ്മദ് പറഞ്ഞു.‘‘പർദ്ദ ധരിക്കുന്ന ഒരു മുസ്‌ലിം സ്ത്രീയുടെ മുഖത്ത് നിന്ന് ഹിജാബ് ഊരിയതിലൂടെ, സ്ത്രീ ശാക്തീകരണത്തിന്റെ പേരിൽ ജെഡിയുവും ബിജെപിയും ഏതുതരം രാഷ്ട്രീയത്തിലാണ് ഏർപ്പെടുന്നതെന്ന് നിതീഷ് കുമാർ വ്യക്തമാക്കി. ഒരു തരത്തിൽ, ഇന്ത്യൻ ഭരണഘടനയും അതിന്റെ ഭരണഘടനാ സംവിധാനവും എല്ലാവർക്കും ഉറപ്പുനൽകുന്ന ഒരാളുടെ സംസ്കാരത്തിനും മതസ്വാതന്ത്ര്യത്തിനും അനുസൃതമായി ജീവിക്കാനുള്ള അവകാശം കവർന്നെടുക്കുന്ന പ്രവർത്തിയാണ് സ്ത്രീയുടെ മൂടുപടം നീക്കം ചെയ്യുന്നത്’’ – ഇജാസ് അഹമ്മദ് പറഞ്ഞു.