തൊഴിലുറപ്പ് പദ്ധതിയുടെ പേര് മാറ്റുന്നത് ദൗര്‍ഭാഗ്യകരം; മഹാത്മാവിനെ അനാദരിക്കാതിരിക്കാം; ശശി തരൂര്‍

ന്യൂഡല്‍ഹി: മഹാത്മഗാന്ധി ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയുടെ പേര് മാറ്റത്തില്‍ പ്രതികരണവുമായി കോണ്‍ഗ്രസ് എംപി ശശി തരൂര്‍. കേന്ദ്ര സര്‍ക്കാര്‍ നിര്‍ദേശിച്ച പുതിയ ജി-റാം-ജി (G-RAM-G) ബില്ലിലൂടെ തൊഴിലുറപ്പ് പദ്ധതിയുടെ (MGNREGA) പേര് മാറ്റുന്നതിനെച്ചൊല്ലിയുള്ള വിവാദം ദൗര്‍ഭാഗ്യകരമാണെന്ന് തരൂര്‍ പറഞ്ഞു. ഫെയ്‌സ്ബുക്കിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

‘ഗ്രാമസ്വരാജ് എന്ന ആശയവും രാമരാജ്യം എന്ന സങ്കല്‍പ്പവും ഒരിക്കലും പരസ്പരവിരുദ്ധമായിരുന്നില്ല; മറിച്ച്, ഗാന്ധിജിയുടെ ചിന്താധാരയിലെ രണ്ട് നെടുംതൂണുകളായിരുന്നു അവ.

ഗ്രാമീണരായ പാവപ്പെട്ടവര്‍ക്ക് വേണ്ടിയുള്ള ഒരു പദ്ധതിയില്‍ നിന്ന് മഹാത്മാവിന്റെ പേര് നീക്കം ചെയ്യുന്നത്, ഈ ആശയങ്ങള്‍ തമ്മിലുള്ള അഗാധമായ ബന്ധത്തെ നിഷേധിക്കുന്നതിന് തുല്യമാണ്. അദ്ദേഹത്തിന്റെ അന്ത്യശ്വാസത്തില്‍ ഉതിര്‍ന്നതും ‘രാമ’മന്ത്രമായിരുന്നു.

ഇല്ലാത്ത ഒരു ചേരിതിരിവ് സൃഷ്ടിച്ചുകൊണ്ട് ആ മഹത്തായ പാരമ്പര്യത്തെ നമുക്ക് അനാദരിക്കാതിരിക്കാം’ തരൂര്‍ കുറിച്ചു.