കൊച്ചി: കൊച്ചി നഗരത്തിലെ അങ്കണവാടിയിൽ ഭക്ഷ്യവിഷബാധ. 12 കുട്ടികളെ ആശുപത്രിയിൽ. പൊന്നുരുന്നി ഈസ്റ്റ് നാരായണാശാൻ റോഡിലുള്ള അങ്കണവാടിയിലെ കുട്ടികൾക്ക് വ്യാഴാഴ്ചയാണ് ഛർദ്ദിയും വയറിളക്കവും പിടിപെട്ടത്.

വിവിധ ആശുപത്രികളിൽ പ്രവേശിപ്പിക്കപ്പെട്ട കുട്ടികൾ സുഖംപ്രാപിച്ചു വരുന്നു. കുടിവെള്ളത്തിൽ നിന്നാണ് ഭക്ഷ്യവിഷബാധയേറ്റതെന്ന് നാട്ടുകാർ ആരോപിക്കുന്നു. അങ്കണവാടിയിലേക്കുള്ള വാട്ടർ ടാങ്കിൽ ചത്ത പാറ്റകളെ കണ്ടെത്തിയതായും ആരോപണമുണ്ട്. ആരോഗ്യവകുപ്പ് അധികൃതരെത്തി പരിശോധന നടത്തുകയും വെള്ളത്തിന്റെ സാംപിൾ ശേഖരിക്കുകയും ചെയ്തിരുന്നു. ഭക്ഷ്യവിഷബാധയും മഞ്ഞപ്പിത്തം പോലുള്ള അസുഖങ്ങളും കൊച്ചിയിൽ പടരുകയാണ്.


29 പേർക്ക് മഞ്ഞപ്പിത്തം സ്ഥിരീകരിച്ച എറണാകുളം കളമശ്ശേരി നഗരസഭ പരിധിയിൽ പ്രത്യേക മെഡിക്കൽ ക്യാംപ് തുറന്നു.അതീവ ജാഗ്രത നിർദേശം പുറപ്പെടുവിച്ച മൂന്നു വാർഡുകളിലെ രോഗലക്ഷണം ഉള്ളവരെയടക്കം ക്യാമ്പിൽ പരിശോധിച്ചു.
വെള്ളത്തിലൂടെ പകരുന്ന രോഗമായതിനാൽ നഗരസഭാ ആരോഗ്യവിഭാഗത്തിനൊപ്പം ഐസും ശീതളപാനീയങ്ങളും വിൽക്കുന്ന കടകളിൽ ഭക്ഷ്യസുരക്ഷാ വകുപ്പിന്റെയും പരിശോധനകളും നടക്കുന്നുണ്ട്.























