കണ്ണൂർ: വെള്ളിയാഴ്ച വീട്ടിലെത്തിയശേഷം ദിവ്യ നേതാക്കളെ ഫോണിൽ വിളിച്ച് തന്റെ അതൃപ്തി അറിയിക്കുകയായിരുന്നു. കണ്ണൂർ ജില്ലാ കമ്മിറ്റി അംഗമായ പി.പി. ദിവ്യയെ പാർട്ടി ബ്രാഞ്ച് തലത്തിലേക്ക് തരംതാഴ്ത്തിക്കൊണ്ടുള്ള നടപടി കഴിഞ്ഞദിവസമാണ് ഉണ്ടായത്.

താൻ ജില്ലാ കമ്മിറ്റി അംഗമാണെന്നും നടപടിയെടുക്കുമ്പോൾ അത് അംഗത്തോടെങ്കിലും ചോദിക്കണമായിരുന്നു എന്നുമാണ് ദിവ്യയുടെ നിലപാട്. ജയിലിൽ കിടക്കുന്ന സമയമാണെങ്കിൽ പോലും ജയിലിലെത്തി അറിയിക്കാം. അല്ലെങ്കിൽ ജയിലിൽനിന്ന് പുറത്തിറങ്ങിയ ശേഷം ഇത് സംബന്ധിച്ച വിശദീകരണം ചോദിക്കാം. അതൊന്നും ചെയ്യാതെ പാർട്ടി ഏകപക്ഷീയ നിലപാടെടുത്തതാണ് ദിവ്യയുടെ അതൃപ്തിയ്ക്ക് കാരണം എന്നാണ് സൂചന.


കണ്ണൂർ എ.ഡി.എം. നവീൻ ബാബുവിന്റെ മരണവുമായി ബന്ധപ്പെട്ട് ദിവ്യക്കെതിരെ കേസെടുത്ത് ഇരുപത് ദിവസങ്ങൾക്ക് ശേഷമാണ് അവർക്കെതിരേ പാർട്ടി നടപടി ഉണ്ടായത്. ദിവ്യയുടെ ഭാഗത്തുനിന്ന് ഗുരുതര വീഴ്ചയാണ് ഉണ്ടായിരിക്കുന്നതെന്ന് ജില്ലാ കമ്മിറ്റിയുടെ വിലയിരുത്തിയിരുന്നു.
നവീൻ ബാബുവിന്റെ മരണത്തിൽ ദിവ്യയെ പ്രതിചേർത്തതിനു പിന്നാലെ കണ്ണൂർ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനത്തുനിന്ന് അവരെ നീക്കിയിരുന്നു. എന്നാൽ, പാർട്ടി നടപടിയിലേക്ക് തത്കാലം പോകേണ്ടതില്ലെന്ന നിലപാടിലായിരുന്നു. ഇതിനെതിരേ വലിയ സമ്മർദം സിപിഎം ജില്ലാ നേതൃത്വത്തിനുമേൽ ഉണ്ടായതോടെയാണ് പാർട്ടി നടപടി ഉണ്ടായത്. ദിവ്യയ്ക്കെതിരേ നടപടി വേണമെന്ന ആവശ്യവുമായി സിപിഎമ്മിൻറെ പത്തനംതിട്ട ജില്ലാ നേതൃത്വവും രംഗത്തെത്തിയിരുന്നു.























