തൃശൂരിൽ വനം വകുപ്പ് അറസ്റ്റ് ചെയ്ത് ജാമ്യത്തിൽവിട്ട യുവാവ് മരിച്ചനിലയിൽ

തൃശൂർ: തൃശൂരിൽ വനം വകുപ്പ് അറസ്റ്റ് ചെയ്ത് ജാമ്യത്തിൽവിട്ട യുവാവ് മരിച്ചനിലയിൽ. തൃശൂർ കാഞ്ഞിരക്കോട് വടക്കൻ വീട്ടിൽ മിഥുനാണ് മരിച്ചത്. കാട്ടുപന്നിയുടെ മാംസം വാങ്ങിയെന്ന കേസിലാണ് മിഥുൻ വനംവകുപ്പിന്റെ അറസ്റ്റിലാകുന്നത്. പ്രദേശത്ത് വനംവകുപ്പിനെതിരേ നാട്ടുകാർ പ്രതിഷേധവുമായെത്തി.

ആറുമാസം മുമ്പാണ് മിഥുനുൾപ്പെടെയുള്ള മൂന്ന് പേരെ വനം വകുപ്പ് അറസ്റ്റ് ചെയ്യുന്നത്. ഒരു കിലോ മാംസം വാങ്ങിയെന്ന കേസിൽ വടക്കാഞ്ചേരി റേഞ്ച് ഫോറസ്റ്റ് ഉദ്യോഗസ്ഥരുടെ സംഘമാണ് ഇവരെ അറസ്റ്റ് ചെയ്തത്. കേസിൽ ഇവരെ കോടതിയിലടക്കം ഹാജരാക്കിയിരുന്നു. ജാമ്യത്തിൽ വിട്ടതിന് ശേഷം മിഥുൻ കടുത്ത മാനസികസമ്മർദ്ദത്തിലായിരുന്നുവെന്നാണ് വീട്ടുകാർ പറയുന്നത്. വ്യാഴാഴ്ച ഫോറസ്റ്റ് സ്റ്റേഷനിൽ നിന്ന് മൊബൈൽ ഫോൺ വാങ്ങാൻ പോയിരുന്നു. വെള്ളിയാഴ്ച കാണാതായതിനെ തുടർന്ന് നടത്തിയ തിരച്ചിലിൽ മിഥുനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു.

അതേസമയം നാട്ടുകാർ വനംവകുപ്പിനെതിരേ കടുത്ത പ്രതിഷേധവുമായി രംഗത്തെത്തി.