തിരുവനന്തപുര: പോലീസിനെതിരെ വട്ടിയൂർക്കാവ് പൊലീസ് സ്റ്റേഷനു മുന്നിൽ മഹിളാ മോർച്ച പ്രവർത്തകരുടെ പ്രതിഷേധത്തിനു നേതൃത്വം നൽകി മുൻ ഡിജിപിയും തിരുവനന്തപുരം കോർപറേഷൻ ശാസ്തമംഗലം വാർഡ് കൗൺസിലറുമായ ആർ. ശ്രീലേഖ. ‘പിണറായിയുടെ തെമ്മാടികളേ, ഞങ്ങളിലൊന്നിനെ തൊട്ടെന്നാൽ ഇവിടൊരു പുല്ലും നടക്കൂല. കാക്കിക്കുള്ളിൽ പൊലീസെങ്കിൽ നിയമം ഞങ്ങൾ പാലിക്കും. കാക്കിക്കുള്ളിൽ സിപിഎം എങ്കിൽ പോടാ പുല്ലേ പൊലീസേ. പിണറായിയുടെ പൊലീസേ ഗോ ബാക്ക്’…… എന്നായിരുന്നു മുദ്രാവാക്യം. മഴ അവഗണിച്ചായിരുന്നു പ്രവർത്തകൊപ്പം ശ്രീലേഖ പ്രതിഷേധത്തിൽ പങ്ക് ചേർന്നത്.

നെട്ടയത്ത് കഴിഞ്ഞ ദിവസമുണ്ടായ ബിജെപി-സിപിഎം സംഘർഷത്തിൽ അറസ്റ്റിലായ ബിജെപി പ്രവർത്തകരെ മർദിച്ച പൊലീസ് ഉദ്യോഗസ്ഥർക്കെതിരെ നടപടി വേണമെന്നായിരുന്നു ശ്രീലേഖയുടെ ആവശ്യം. പൊലീസ് നടപടി വൈകിയാൽ താൻ നേരിട്ട് വന്ന് പ്രതിഷേധിക്കുമെന്നും ധർണയിരിക്കുമെന്നും ശ്രീലേഖ തിരുവനന്തപുരം പൊലീസ് കമ്മിഷണറെയും ഡിജിപിയെയും അറിയിച്ചിരുന്നു. താൻ ഇപ്പോഴും പൊലീസിന്റെ നന്മയിൽ വിശ്വസിക്കുന്നുവെന്നും അക്രമം തിരഞ്ഞെടുപ്പ് കാലത്തെ പൊലീസിന്റെ അധഃപതനമാണെന്നും അവർ വിമർശിച്ചിരുന്നു. പിന്നാലെയാണ് പ്രതിഷേധവും വട്ടിയൂർക്കാവ് പൊലീസ് സ്റ്റേഷൻ മാർച്ചും നടത്തിയത്.


കേരള പൊലീസിന്റെ ചരിത്രത്തിൽ ആദ്യത്തെ വനിതാ ഡിജിപിയായിരുന്ന ആർ. ശ്രീലേഖ, വിരമിച്ച ശേഷം രാഷ്ട്രീയത്തിലിറങ്ങി പഴയ സഹപ്രവർത്തകർക്കെതിരെ തെരുവിൽ മുദ്രാവാക്യം വിളിക്കുന്നത് കൗതുകത്തോടെയാണ് ആളുകൾ നോക്കിക്കണ്ടത്. തിരഞ്ഞെടുപ്പ് സമയത്ത് വട്ടിയൂർക്കാവ് പൊലീസിന്റെയും എസ്എച്ച്ഒ വിപിന്റെയും ഭാഗത്തുനിന്ന് എൻഡിഎയ്ക്കു നേരെ ഏകപക്ഷീയവും ക്രൂരവുമായ നടപടികളാണ് ഉണ്ടായതെന്നും ആർ. ശ്രീലേഖ ആരോപിച്ചിരുന്നു. വട്ടിയൂർക്കാവ് പൊലീസ് ചില ബിജെപി പ്രവർത്തകരെയും സംഘപ്രവർത്തകരെയും തിരഞ്ഞുപിടിച്ച് അടിയന്തരാവസ്ഥ കാലഘട്ടം ഓർമിപ്പിക്കുന്ന രീതിയിലുള്ള അതിക്രൂരമായ മർദ്ദനമുറകൾ നടത്തുകയാണ്. നെട്ടയത്ത് ബിജെപിക്ക് സ്വീകാര്യത വർധിക്കുന്നതിലുള്ള ആശങ്കയാണ് നടപടികൾക്കു പിന്നിൽ. പൊലീസിനെ ആക്രമിച്ചപ്പോൾ രക്ഷിക്കാൻ ശ്രമിച്ച ബിജെപിക്കാരെ ഇപ്പോൾ കള്ളക്കേസിൽ കുടുക്കി അറസ്റ്റ് ചെയ്യുകയാണ്. ഇന്നലെ ക്ഷേത്രത്തിനുള്ളിൽ ക്ഷേത്രം മുഴുവൻ നശിപ്പിച്ച് അവിടുത്തെ പഠനമുറി മൊത്തം നശിപ്പിച്ചിട്ടാണ് ആളുകളെ പിടിച്ചുകൊണ്ടു പോയത്. ഇതു പൊലീസിന്റെ കാട്ടാളത്തമാണെന്നും ശ്രീലേഖ ആരോപിച്ചിരുന്നു.























