കണ്ണൂർ: എഡിഎം നവീൻ ബാബുവിന്റെ മരണവുമായി ബന്ധപ്പെട്ട കേസ് അന്വേഷിച്ച പ്രത്യേക സംഘത്തിലുണ്ടായിരുന്ന പൊലീസ് ഉദ്യോഗസ്ഥൻ സിപിഎം സ്ഥാനാർഥി. അസി. കമ്മിഷണറായിരുന്ന ടി.കെ. രത്നകുമാറിനെയാണ് ശ്രീകണ്ഠപുരം നഗരസഭ ചെയർമാൻ സ്ഥാനത്തേക്ക് മത്സരിപ്പിക്കുന്നത്. ജോലിയിൽ നിന്ന് വിരമിച്ചതോടെയാണ് രത്നകുമാർ സജീവ രാഷ്ട്രീയത്തിലേക്കിറങ്ങിയത്.

കണ്ണൂർ റേഞ്ച് ഐജിയുടെ മേൽനോട്ടത്തിൽ സിറ്റി പൊലീസ് കമ്മിഷണർ അജിത്കുമാര്‍, അസി. കമ്മിഷണറായിരുന്ന രത്നകുമാർ എന്നിവരുടെ നേതൃത്വത്തിലാണ് നവീൻ ബാബുവിന്റെ മരണം അന്വേഷിച്ചത്. മുൻ ജില്ലാ പഞ്ചായത്ത് പ്രസിഡന്റായിരുന്ന പി.പി. ദിവ്യയാണ് കേസിലെ ഏക പ്രതി. അന്വേഷണം ശരിയായ രീതിയിലല്ലായിരുന്നുവെന്നും തുടരന്വേഷണം വേണമെന്നും ആവശ്യപ്പെട്ട് നവീൻ ബാബുവിന്റെ കുടുംബം കോടതിയെ സമീപിച്ചിട്ടുണ്ട്.


സിപിഎമ്മിന്റെ ഉറച്ച കോട്ടയായ കോട്ടൂർ വാർഡിലാണ് രത്‌നകുമാർ മത്സരിക്കുന്നത്. മാർച്ചിലാണ് രത്നകുമാർ വിരമിച്ചത്.























