കൊച്ചി: കെനിയ മുൻ പ്രധാനമന്ത്രി റെയില ഒടിങ്ക (80) അന്തരിച്ചു. എറണാകുളം ജില്ലയിലെ കൂത്താട്ടുകുളത്ത് വെച്ചായിരുന്നു അന്ത്യം. പ്രഭാതസവാരിക്കിടെ ഹൃദയാഘാതം ഉണ്ടാകുകയായിരുന്നു. ശ്രീധരീയം ആശുപത്രിയിൽ ചികിത്സയ്ക്കെത്തിയതായിരുന്നു ഒടിങ്ക. ശ്രീധരീയവുമായി ദീർഘകാലമായി ബന്ധമുള്ള റെയില ഒടിങ്ക ആറു ദിവസം മുമ്പാണ് ചികിത്സയ്ക്കായി കൂത്താട്ടുകുളത്തെത്തിയത്. ശാരീരികാസ്വാസ്ഥ്യം ഉണ്ടായ ഒടിങ്കയെ ഉടൻ കൂത്താട്ടുകുളത്തെ ദേവമാത ആശുപത്രിയിലെത്തിച്ചു. എന്നാൽ ജീവൻ രക്ഷിക്കാനായില്ല.

മകളും കുടുംബാംഗങ്ങളും ഒടിങ്കയ്ക്കൊപ്പമുണ്ടായിരുന്നു. ഒടിങ്കയുടെ മൃതദേഹം നാട്ടിലെത്തിക്കുന്നതു സംബന്ധിച്ച് ഇരു രാജ്യങ്ങളുടേയും എംബസികളാണ് തീരുമാനമെടുക്കേണ്ടത്. ഒടിങ്ക കൂത്താട്ടുകുളത്ത് ചികിത്സയ്ക്കെത്തുന്നത് മുമ്പ് പ്രധാനമന്ത്രി നരേന്ദ്രമോദി മൻകി ബാത്തിൽ പരാമർശിച്ചിട്ടുണ്ട്. കെനിയൻ രാഷ്ട്രീയ നേതാവായ റെയില ഒടിങ്ക 2008 മുതൽ 2013 ലാണ് പ്രധാനമന്ത്രിയായത്.

























