കുന്നംകുളം കസ്റ്റഡി മർദനം: എസ്ഐ അടക്കം നാലു പേർക്ക് സസ്പെൻഷൻ

തിരുവനന്തപുരം: കുന്നംകുളം പൊലീസ് സ്റ്റേഷനിൽ യൂത്ത് കോൺഗ്രസ് നേതാവ് വി എസ് സുജിത്തിനെ മർദിച്ച സംഭവത്തിൽ 4 പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് സസ്പെൻഷൻ. എസ്ഐ നൂഹ്മാൻ, സജീവൻ, സന്ദീപ്, ശശിധരൻ എന്നിവർക്കെതിരായാണു നടപടി. ഡിഐജി ഹരി ശങ്കർ നൽകിയ ശുപാർശ പരിഗണിച്ച് നോർത്ത് സോൺ ഐജി രാജ് പാൽ മീണയാണ് ഉദ്യോഗസ്ഥരെ സസ്പെൻഡ് ചെയ്തത്. ഉദ്യോഗസ്ഥരെ ഉടൻ തന്നെ സർവീസിൽ നിന്ന് സസ്പെൻഡ് ചെയ്യുകയാണെന്ന് ഐജിയുടെ ഉത്തരവിൽ പറയുന്നു.

ഡിഐജി നൽകിയ ശുപാർശയുടെ അടിസ്ഥാനത്തിൽ നടപടി എടുക്കുമെന്നു സംസ്ഥാന പൊലീസ് മേധാവി റാവാഡ ചന്ദ്രശേഖർ നേരത്തെ പറഞ്ഞിരുന്നു. അതേസമയം, സുജിത്തിനെ മർദിച്ച പൊലീസുകാർക്കെതിരെ ഡിഐജി നേരത്തെ നടപടിയെടുത്തിരുന്നു. ഈ നടപടി പുനഃപരിശോധിക്കാനും ഐജി പുറത്തിറക്കിയ ഉത്തരവിൽ പറയുന്നുണ്ട്.

നിലവിൽ എസ്ഐ നുഹ്മാൻ വിയ്യൂർ പൊലീസ് സ്റ്റേഷനിലും സിപിഒ സന്ദീപ് മണ്ണുത്തി പൊലീസ് സ്റ്റേഷനിലും സിപിഒമാരായ സജീവൻ, ശശിധരൻ എന്നിവർ തൃശൂർ ടൗൺ ഈസ്റ്റ് പൊലീസ് സ്റ്റേഷനിലുമാണ് ജോലി ചെയ്യുന്നത്.