ജി സുധാകരൻ പ്രോ ടേം സ്പീക്കറായി ചുമതലയേറ്റു

തിരുവനന്തപുരം: കേരളത്തിന്റെ 16-ാം നിയമസഭയിൽ ആദ്യ എംഎൽഎയായി മുതിർന്ന നേതാവ് ജി സുധാകരൻ സത്യപ്രതിജ്ഞ ചെയ്തു. പ്രോ ടേം സ്പീക്കറായി ചുമതലയേറ്റ ജി സുധാകരന് ഗവർണർ രാജേന്ദ്ര ആർലേക്കർ ആണ് സത്യവാചകം ചൊല്ലി കൊടുത്തത്. ലോക്ഭവനിൽ നടന്ന ചടങ്ങിൽ മുഖ്യമന്ത്രി വി ഡി സതീശനും ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല അടക്കമുള്ള മറ്റു മന്ത്രിമാരും പങ്കെടുത്തു. പതിനാറാം നിയമസഭയുടെ ആദ്യ സമ്മേളനത്തിന് നാളെയാണ് തുടക്കമാകുന്നത്.

പുതിയ അംഗങ്ങളുടെ സത്യപ്രതിജ്ഞയാണ് നാളത്തെ പ്രധാന അജണ്ട. പ്രോ ടേം സ്പീക്കറായ ജി സുധാകരന്റെ മുന്നിലാണ് അംഗങ്ങൾ സത്യപ്രതിജ്ഞ ചെയ്യുക. മുൻ മുഖ്യമന്ത്രി പിണറായി വിജയൻ, ജി സുധാകരന്റെ മുന്നിൽ സത്യപ്രതിജ്ഞ ചെയ്യുന്ന കാഴ്ച കാണാൻ ആകാംക്ഷയോടെ കാത്തുനിൽക്കുകയാണ് രാഷ്ട്രീയ കേരളം. നാളെ അംഗങ്ങളിൽ ആരെങ്കിലും സത്യപ്രതിജ്ഞ ചെയ്തില്ലെങ്കിൽ സ്പീക്കർ തെരഞ്ഞെടുപ്പിന് ശേഷം മാത്രമേ സത്യപ്രതിജ്ഞ ചെയ്യാൻ സാധിക്കൂ. വെള്ളിയാഴ്ചയാണ് സ്പീക്കർ തെരഞ്ഞെടുപ്പ്. സ്പീക്കർ തെരഞ്ഞെടുപ്പിൽ തിരുവഞ്ചൂർ രാധാകൃഷ്ണനാണ് യുഡിഎഫ് പ്രതിനിധിയായി മത്സരിക്കുക. 29നാണ് ഗവർണറുടെ നയപ്രഖ്യാപനം.