മോഡലിങ്ങിന്റെ മറവിൽ സെക്സ് റാക്കറ്റ്; പ്രധാന ആസൂത്രക സിന്ധു

കൊച്ചി: മോഡലിങ്ങിന്റെ മറവിൽ യുവതിയെ ദുബൈയിലെത്തിച്ച് ലൈംഗികാതിക്രമത്തിന് ഇരയാക്കിയെന്ന കേസിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. മോഡലിങ് പരിശീലനം, ജോലി, വീഡിയോ ഷൂട്ട്, ആഡംബര ഹോട്ടലിൽ താമസം, വിനോദ യാത്ര എന്നിവ വാഗ്ദാനം ചെയ്ത് പ്രലോഭിപ്പിച്ച് നിരവധി യുവതികളെ ഇത്തരത്തിൽ വിദേശത്തേയ്ക്ക് കൊണ്ടുപോയതായാണ് വിവരം. ഇത്തരത്തിൽ വിദേശത്തേയ്ക്ക് കൊണ്ടുപോയ യുവതികളെ കാരിയർമാരാക്കിയതായും പൊലീസ് സംശയിക്കുന്നുണ്ട്.

കേസിലെ മുഖ്യപ്രതിയായ സിന്ധുവിന്റെ കെണിയിൽപ്പെട്ട യുവതിയെ നിർബന്ധിപ്പിച്ചു നാട്ടിലേക്ക് സ്വർണം കടത്തിയെന്നാണ് അന്വേഷണത്തിൽ പൊലീസിന് ലഭിച്ച സൂചന. ഇവർ വിദേശത്തേക്ക് കൊണ്ടുപോയ യുവതികളിൽ പലരും കേരളത്തിന് പുറത്തുള്ള വിമാനത്താവളങ്ങളിലാണ് എത്തിയതെന്നും പൊലീസ് കണ്ടെത്തി. പരാതിക്കാരുടെ മൊഴിയുടെ അടിസ്ഥാനത്തിൽ അന്വേഷണം വ്യാപിപ്പിക്കാനൊരുങ്ങുകയാണ് പൊലീസ്. മോഡലിങ് കെണിയിൽ കൂടുതൽ പരാതിക്കാർ ഉണ്ടെങ്കിൽ പൊലീസിനെ സമീപിക്കണം എന്ന് കൊച്ചി കമീഷണർ അറിയിച്ചു. വനിതാ സെല്ലിൽ നേരിട്ട് പരാതി നൽകാമെന്നും വനിതാ സെൽ സിഐയുടെ നമ്പറിൽ, ഫോണിലൂടെയും പരാതി അറിയിക്കാമെന്നും കമ്മീഷണർ അറിയിച്ചു.

അതിനിടെ മോഡലിംങ് കെണി അസൂത്രണം ചെയ്തത് സിന്ധു ആണെന്നാണ് അന്വേഷണ സംഘം പറയുന്നത്. ദുബൈയിൽ ഫാഷൻ ഷോ ഉണ്ടെന്ന് മോഡലുകളെ തെറ്റിധരിപ്പിച്ചത് സിന്ധുവാണെന്നും യുവതികളെ ദുബൈയിൽ എത്തിക്കാൻ വേണ്ട സൗകര്യങ്ങൾ ചെയ്തുകൊടുക്കുകയും വിസയടക്കം നൽകിയതും സിന്ധു ആണെന്നും പൊലീസ് കണ്ടെത്തി. നിലവിൽ മൂന്ന് പേരാണ് പൊലീസിന്റെ പിടിയിലായത്. ദുബൈയിൽ ഇവന്റ് മാനേജ്മെന്റ് നടത്തുന്ന സിന്ധു, തിരുവനന്തപുരം സ്വദേശി അലീന എബ്രഹാം, പൊന്നാനി സ്വദേശി മഞ്ജിമ എന്നിവരാണ് പിടിയിലായത്. കേസിൽ ഇനി പിടികൂടാൻ ഉള്ളതും രണ്ട് വനിതകളെയാണ്. ദുബൈയിൽ ഉള്ള രണ്ടു പേരെയും നാട്ടിൽ എത്തിക്കാൻ പൊലീസ് ശ്രമം തുടങ്ങിയിട്ടുണ്ട്.