കൊച്ചി: കലൂരിൽ പെൺകുട്ടികൾക്ക് നേരെ സംഘം ചേർന്ന് ആക്രമണം നടത്തിയ സംഭവത്തിൽ മൂന്നുപേരെ പൊലീസ് അറസ്റ്റ് ചെയ്തു. കൊച്ചിയിലെ ഹോട്ടൽ ജീവനക്കാരായ ആൽവിൻ, അരുൺ, സാബിത്ത് എന്നിവർ പിടിയിലായത്. പാലക്കാട് സ്വദേശി അക്ബറാണ് കേസിലെ ഒന്നാം പ്രതി. അക്ബറിന്റെ ബിസിനസ് ഇടപാടുകളിൽ ദുരൂഹതയുണ്ടെന്ന് പൊലീസ് പ്രതികരിച്ചു. എറണാകുളം നോർത്ത് പൊലീസാണ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തുന്നത്.

ചൊവ്വാഴ്ച പുലർച്ചെ 4.30ഓടെ ചക്കാലപ്പാടം റോഡിലാണ് കേസിനാസ്പദമായ സംഭവം. റോഡിലൂടെ നടന്നുപോയപ്പോൾ കമന്റടിച്ചത് ചോദ്യം ചെയ്ത പെൺകുട്ടികൾക്ക് നേരെ സംഘം ചേർന്ന് ആക്രമിക്കുകയായിരുന്നു. പെൺകുട്ടികൾ താമസിക്കുന്ന മുറിയിലേക്ക് പോകുമ്പോൾ റോഡരികിൽ നിന്ന യുവാക്കൾ ലൈംഗിക ചുവയോടെ സംസാരിക്കുകയായിരുന്നു. ഇത് ചോദ്യം ചെയ്തതോടെ യുവാക്കൾ പെൺകുട്ടികളെ ആക്രമിച്ചു. എട്ട് ആൺകുട്ടികളും രണ്ട് പെൺകുട്ടികളുമാണ് സംഘത്തിലുണ്ടായിരുന്നത്. പാർട്ട് ടൈം ജോലി കഴിഞ്ഞ് തിരികെ താമസ സ്ഥലത്തേക്ക് മടങ്ങുകയായിരുന്നു പെൺകുട്ടികൾ. ഇവർ പോകുന്ന വഴിയിലുള്ള കടയുടെ സമീപത്ത് നിന്ന സംഘമാണ് ആക്രമണത്തിന് പിന്നിൽ. തടഞ്ഞു നിർത്തി ലൈംഗിക ചുവയോടെ സംസാരിക്കുകയും ഫോൺ ബലമായി പിടിച്ചെടുത്ത് നിലത്തെറിഞ്ഞ് തകർക്കുകയും ചെയ്തു. ഫോൺ എടുക്കാൻ ശ്രമിച്ചതോടെ മുടിക്ക് പിടിച്ച് കറക്കുകയും നെഞ്ചിൽ ചവിട്ടുകയും ചെയ്തു. പിന്നാലെ പെൺകുട്ടി ധരിച്ചിരുന്ന വസ്ത്രം വലിച്ചുകീറാനും സംഘത്തിലെ യുവാക്കൾ ശ്രമിച്ചു. കഴുത്തിലും പെൺകുട്ടിക്ക് പരിക്കേറ്റിട്ടുണ്ട്.


ഹോസ്റ്റലിലേക്ക് ഓടിപ്പോയ പെൺകുട്ടികളെ പിന്തുടരാനും പെൺകുട്ടികൾ അടക്കമുള്ള അക്രമി സംഘം ശ്രമിച്ചു. നിരവധി ഹോസ്റ്റലുകളും പിജികളുമുള്ള മേഖലയിലാണ് അക്രമം നടന്നിട്ടുള്ളത്. മർദനമേറ്റ് പരിക്കേറ്റ പെൺകുട്ടിയെ ഉടൻ തന്നെ എറണാകുളം ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. നിലവിൽ ആശുപത്രിയിൽ ചികിത്സയിലുള്ള പെൺകുട്ടിയുടെ ആരോഗ്യനില ഗുരുതരമല്ലെന്ന് ഡോക്ടർമാർ വ്യക്തമാക്കിയിട്ടുണ്ട്. സ്ത്രീകൾക്കെതിരായ അതിക്രമം ഉൾപ്പെടെയുള്ള ജാമ്യമില്ലാ വകുപ്പുകൾ പ്രകാരമാണ് പൊലീസ് കേസെടുത്തത്. സംഭവ സ്ഥലത്തെ സിസിടിവി ദൃശ്യങ്ങൾ പൊലീസ് ശേഖരിച്ചിട്ടുണ്ട്. അക്രമി സംഘത്തിലുള്ളവർ പെൺകുട്ടികൾ ബഹളം വച്ചതോടെ ഓടി രക്ഷപ്പെടുന്ന സിസിടിവി ദൃശ്യങ്ങൾ പുറത്ത് വന്നിട്ടുണ്ട്.























