ചക്കുളത്തുകാവിലെത്തി നയൻതാരയും വിഘ്നേഷും

കുടുംബസമേതം കേരളത്തിലെത്തി തെന്നിന്ത്യൻ താരം നയൻതാര. ഭർത്താവ് വിഘ്നേഷ് ശിവനും മക്കൾക്കുമൊപ്പമാണ് നയൻതാര തിരുവല്ലയിലെ വീട്ടിലെത്തിയത്. നയൻതാരയുടെ വീട്ടിലെത്തിയതിന്റെ ഒരു വിഡിയോ വിഘ്നേഷ് ശിവൻ ഇൻസ്റ്റ​ഗ്രാം സ്റ്റോറിയായി പങ്കുവച്ചിട്ടുണ്ട്. ചൊവ്വാഴ്ച ദമ്പതികൾ ചക്കുളത്തുകാവ് ശ്രീ ഭ​ഗവതി ക്ഷേത്രത്തിൽ ദർശനം നടത്തുകയും ചെയ്തു. ഉച്ചപൂജ സമയത്താണ് ഇരുവരും ക്ഷേത്രത്തിലെത്തിയത്.

ഇരുവരുടെയും പേരിലും നക്ഷത്രത്തിലും പ്രത്യേക അലങ്കാര പൂജയ്ക്ക് വഴിപാട് കഴിച്ചു. ക്ഷേത്രത്തിലെ വഴിപാട് കൗണ്ടറിൽ പൂജയ്ക്കുള്ള തുക അടച്ച് രസീത് സ്വീകരിച്ച ശേഷമാണ് ഇരുവരും ദർശനം നടത്തിയത്. നയൻതാരയെയും വിഘ്‌നേഷ് ശിവനെയും കാണാൻ നിരവധി ഭക്തരും ആരാധകരും ക്ഷേത്രപരിസരത്ത് എത്തിയിരുന്നു. ലളിതമായ വേഷത്തിൽ എത്തിയ ഇരുവരും ക്ഷേത്രാചാരങ്ങൾ പാലിച്ചാണ് ദർശനവും പൂജകളും നിർവഹിച്ചത്.