ന്യൂഡൽഹി: രാജ്യസഭാ തിരഞ്ഞെടുപ്പിനുള്ള സ്ഥാനാർഥികളുടെ പട്ടിക പ്രഖ്യാപിച്ച് ബിജെപി. കേന്ദ്രമന്ത്രി ജോർജ് കുര്യന് സീറ്റില്ല. കേന്ദ്ര സഹ മന്ത്രിയായതിന് പിന്നാലെ 2024 ഓഗസ്റ്റിൽ ഉപതിരഞ്ഞെടുപ്പിലൂടെയാണ് അദ്ദേഹത്തെ രാജ്യസഭാംഗമായി തിരഞ്ഞെടുത്തത്. ഈ മാസം 21ന് അദ്ദേഹത്തിന്റെ കാലാവധി കഴിയും. നിലവിൽ ഫിഷറീസ്, മൃഗസംരക്ഷണം, ക്ഷീര, ന്യൂനപക്ഷകാര്യ വകുപ്പുകളുടെ ചുമതലയുള്ള സഹമന്ത്രിയായ ജോർജ് കുര്യനെ കേന്ദ്ര മന്ത്രിസഭയുടെ പുനഃസംഘടന വരുന്നതോടെ നീക്കിയേക്കും.

ഇത്തവണ നിയമസഭാ തിരഞ്ഞെടുപ്പിൽ ജോർജ് കുര്യൻ കാഞ്ഞിരപ്പള്ളിയിൽനിന്ന് ജനവിധി തേടിയിരുന്നു. രാജ്യസഭാ തിരഞ്ഞെടുപ്പിനുള്ള അഞ്ച് സംസ്ഥാനങ്ങളിലെ സ്ഥാനാർഥികളെയാണ് പ്രഖ്യാപിച്ചത്. കേന്ദ്രമന്ത്രിയായ രവിനീത് സിങ് ബിട്ടുവിനും സീറ്റില്ല. തരുൺ ചുഗ്, രജനീഷ് അഗർവാൾ എന്നിവരാണ് മധ്യപ്രദേശിൽ നിന്ന് മത്സരിക്കുന്നത്. സതീഷ് പൂനിയ രാജസ്ഥാനിൽ നിന്നും തായ് തഗക്ക് അരുണാചൽ പ്രദേശിൽ നിന്നും രജുഭായ് ശുക്ല, മുകേഷ് ഭായ് റത്ത്‍വ, മൻസിങ് പർമർ, ജിതേന്ദ്ര മേഘ്ജിഭായ് കൻസരിയ എന്നിവർ ഗുജറാത്തിൽ നിന്നും മണിപ്പൂരിൽ നിന്ന് എ. ശാർദ ദേവിയും മത്സരിക്കും.

























