സ്വർണവിലയിൽ കിതപ്പ്; പവന് 80 രൂപ കുറഞ്ഞു

കൊച്ചി: സംസ്ഥാനത്ത് റെക്കോർഡുകൾ ഭേദിച്ച സ്വർണവിലയിൽ ഇടിവ്. ഇന്ന് 80 രൂപ കുറഞ്ഞു. ഒരു പവൻ സ്വർണത്തിന്റെ ഇന്നത്തെ വില 81,520 രൂപയാണ്. ഗ്രാമിന് ആനുപാതികമായി 10 രൂപയാണ് കുറഞ്ഞത്. 10,190 രൂപയാണ് ഒരു ഗ്രാം സ്വർണത്തിന്റെ വില. ഈ മാസാദ്യം 77,640 രൂപയായിരുന്നു സ്വർണവില. ഈ മാസത്തെ ഏറ്റവും കുറഞ്ഞ വിലയും ഇതായിരുന്നു. പിന്നീട് ഓരോ ദിവസവും വില കൂടുന്നതാണ് ദൃശ്യമായത്.

രാജ്യാന്തര വിപണിയിലെ സ്വർണ വിലയുടെ വർധനവാണ് വില വർധനയ്ക്ക് കാരണമായത്. ഇന്ത്യയിൽ നിന്ന് ഇറക്കുമതി ചെയ്യുന്ന ഉൽപ്പന്നങ്ങൾക്ക് അമേരിക്ക 50 ശതമാനം തീരുവ ചുമത്തിയത് അടക്കമുള്ള ഘടകങ്ങളും സ്വർണവിലയെ സ്വാധീനിക്കുന്നുണ്ട്. സുരക്ഷിത നിക്ഷേപം എന്ന നിലയിൽ കൂടുതൽ ആളുകൾ സ്വർണത്തിലേക്ക് തിരിഞ്ഞതാണ് സ്വർണവില ഉയരാൻ കാരണം.