തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണവില വീണ്ടും കുറഞ്ഞു. ഇന്ന് മാത്രം ഒരു പവൻ സ്വർണത്തിന് കുറഞ്ഞത് 440 രൂപയാണ്. ഇതോടെ ഒരു പവൻ സ്വർണത്തിന് 73,440 രൂപയായി. ഗ്രാമിന് 55 രൂപയും കുറഞ്ഞു. ഒരു ഗ്രാം സ്വർണത്തിന് 9,180 രൂപ എന്ന നിരക്കിലാണ് ഇന്നത്തെ സ്വർണവ്യാപാരം പുരോഗമിക്കുന്നത്. റെക്കോഡുയരത്തിൽ നിന്ന് 12 ദിവസം കൊണ്ട് പൊന്നിന് 2,320 രൂപയാണ് കുറഞ്ഞിരിക്കുന്നത്. വിവാഹ പാർട്ടികൾ ഉൾപ്പെടെ ഇത് സ്വർണം വാങ്ങാൻ പറ്റിയ സമയമെന്നാണ് വിലയിരുത്തപ്പെടുന്നത്.

റെക്കോർഡുകൾ ഭേദിച്ച് കുതിച്ച സ്വർണവിലയിൽ ശനിയാഴ്ച മുതലാണ് ഇടിവ് രേഖപ്പെടുത്താൻ തുടങ്ങിയത്. വെള്ളിയാഴ്ച രേഖപ്പെടുത്തിയ 75,760 രൂപയാണ് റെക്കോർഡ് ഉയരം. ലോകത്തെ ഏറ്റവും വലിയ സ്വർണ ഉപഭോക്താക്കളാണ് ഇന്ത്യ. ഓരോ വർഷവും ടൺ കണക്കിന് സ്വർണം രാജ്യത്ത് ഇറക്കുമതി ചെയ്യപ്പെടുന്നു. അതുകൊണ്ട് ആഗോള വിപണിയിൽ സംഭവിക്കുന്ന ചെറിയ ചലനങ്ങൾ പോലും അടിസ്ഥാനപരമായി ഇന്ത്യയിലെ സ്വർണവിലയിൽ പ്രതിഫലിക്കും.

























