കടകംപള്ളിയുടെ വാദം പൊളിയുന്നു; ഉണ്ണികൃഷ്ണൻ പോറ്റിയുടെ വീട്ടിൽ പോയത് ഒന്നിലേറെ തവണ

തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ള കേസ് പ്രതിയായ ഉണ്ണിക്കൃഷ്ണൻ പോറ്റിയുമായുള്ള ബന്ധത്തെക്കുറിച്ചുള്ള മുൻ ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്റെ വാദം പൊളിയുന്നു. പോറ്റിയുടെ വീട്ടിൽ കടകംപള്ളി ഒന്നിലേറെ തവണ പോയെന്ന് വ്യക്തമാക്കുന്ന ചിത്രങ്ങൾ പുറത്തുവന്നതോടെയാണ് വാദം പൊളിഞ്ഞത്. പോറ്റിയുടെ വീട്ടിൽ ഒരു തവണ പോയിട്ടുണ്ടെന്നായിരുന്നു കടകംപള്ളി ഉന്നയിച്ചിരുന്ന വാദം. 2016ൽ മന്ത്രിയായിരുന്നപ്പോൾ ശബരിമലയിൽ വച്ച് പോറ്റിയെ കണ്ടിട്ടുണ്ടെന്നും പോറ്റിയുടെ നിർബന്ധത്തിനു വഴങ്ങി പൊലീസ് അകമ്പടിയോടെ 2017ൽ വീട്ടിൽ പോയെന്നുമാണ് കടകംപള്ളി പറഞ്ഞിരുന്നത്.

ശബരിമലയിലെ ഭക്തൻ എന്ന നിലയിലാണു പോറ്റിയെ പരിചയപ്പെട്ടതെന്നും കടകംപള്ളി പറഞ്ഞിരുന്നു. കടകംപള്ളി സുരേന്ദ്രനുമായുള്ള അടുപ്പത്തെ കുറിച്ച് ഉണ്ണിക്കൃഷ്ണൻ പോറ്റി എസ്ഐടിക്ക് മൊഴി നൽകിയിട്ടുണ്ട്. 2017 മുതൽ കടകംപള്ളിയുമായി നല്ല ബന്ധമാണെന്നും തന്റെ വീട്ടിൽ വന്നിട്ടുണ്ടെന്നുമായിരുന്നു പോറ്റിയുടെ മൊഴി. രാഷ്ട്രീയക്കാർക്കും ഉദ്യോഗസ്ഥർക്കും താൻ സമ്മാനങ്ങൾ നൽകിയിട്ടുണ്ടെന്നും പോറ്റിയുടെ മൊഴിയിലുണ്ട്. പോറ്റിയുടെ വീട്ടിൽ 2 തവണ കടകംപള്ളി വന്നതായി അയൽവാസിയും വെളിപ്പെടുത്തിയിരുന്നു. കോൺഗ്രസ് നേതാവ് അടൂർ പ്രകാശും ഇവിടെ വന്നിട്ടുണ്ടെന്നാണ് അയൽവാസി പറയുന്നത്. പോറ്റിക്കൊപ്പമുള്ള കടകംപള്ളി സുരേന്ദ്രന്റെ ചിത്രങ്ങൾ പുറത്തെത്തിയതോടെ എസ്ഐടി അദ്ദേഹത്തെ ചോദ്യം ചെയ്തിരുന്നു. പോറ്റിയുമായി പരിചയമുണ്ടെന്നാണ് എസ്ഐടിയോടു കടകംപള്ളി വെളിപ്പെടുത്തിയത്.