സ്ത്രീകളുടെ മാറിടം സ്പർശിക്കുന്നത് ബലാത്സംഗ ശ്രമമല്ല; അലഹബാദ് ഹൈക്കോടതി

അലഹാബാദ്: സ്ത്രീകളുടെ മാറിടം സ്പർശിക്കുന്നതും പൈജാമയുടെ ചരട് പൊട്ടിക്കാൻ ശ്രമിക്കുന്നതും വലിച്ചിഴയ്ക്കുന്നതും ബലാത്സംഗശ്രമത്തിനുള്ള തെളിവായി കാണാനാകില്ലെന്ന് അലഹബാദ് ഹൈക്കോടതി. ബലാത്സംഗശ്രമവും ബലാത്സംഗത്തിനുള്ള തയ്യാറെടുപ്പും തമ്മിലുള്ള വ്യത്യാസം വിശദീകരിച്ചാണ് ജസ്റ്റിസ് രാം മനോഹർ നാരായൺ മിശ്രയുടെ വിവാദ പരാമർശം.

പവൻ, ആകാശ് എന്നിവരുടെ പേരിൽ പ്രാദേശിക കോടതി ചുമത്തിയ ബലാത്സംഗ കുറ്റത്തിനെതിരേ നൽകിയ ഹർജിയിലാണ് ഹൈക്കോടതി നിരീക്ഷണം. 2021-ൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ വാഹനത്തിൽ കയറ്റി ബലാത്സംഗത്തിന് ശ്രമിച്ചെന്ന കേസിൽ ഇവരുടെപേരിൽ പോക്‌സോ കേസ് ചുമത്തിയിരുന്നു.

കേസിൽ സമൻസ് അയച്ച പ്രാദേശിക കോടതിയുടെ നടപടിയെ ചോദ്യംചെയ്താണ് ഹർജി നൽകിയത്. ബലാത്സംഗം തെളിയിക്കാൻ വ്യക്തമായ തെളിവുകൾ വേണമെന്നും ബലാത്സംഗം ശ്രമവും തയ്യാറെടുപ്പും തമ്മിൽ വലിയ അന്തരമുണ്ടെന്നും കോടതി ചൂണ്ടിക്കാട്ടി.