ആശാ വർക്കേഴ്‌സ് നിരാഹാര സമരത്തിലേക്ക്; കേന്ദ്രവുമായുള്ള കൂടിക്കാഴ്ചയ്ക്ക് ആരോഗ്യമന്ത്രി ഡൽഹിയിലേക്ക് തിരിച്ചു

ആരോഗ്യമന്ത്രി വീണാ ജോർജുമായി നടത്തിയ ചർച്ച പരാജയപ്പെട്ടതിനെ തുടർന്ന് നിരാഹാര സമരം ചെയ്യുമെന്ന നിലപാടിൽ ഉറച്ച് ആശാ വർക്കേഴ്‌സ്. ഇന്ന് മുതലാണ് സെക്രട്ടറിയേറ്റിനു മുന്നിൽ ആശമാരുടെ നിരാഹാര സമരം ആരംഭിക്കുന്നത്. മൂന്ന് പേരാണ് നിരാഹാരം ഇരിക്കുക. ആവശ്യങ്ങൾ സർക്കാർ പരിഗണിക്കുകയോ അംഗീകരിക്കുകയോ ചെയ്യാതെ സമരത്തിൽ നിന്ന് പിൻമാറില്ലെന്ന നിലപാടിലാണ് ആശാ വർക്കേഴ്‌സ്.

അതേസമയം ആശ വർക്കേഴ്‌സിന്റെ വിഷയത്തിൽ കേന്ദ്രസർക്കാരുമായി ചർച്ച നടത്താൻ ആരോഗ്യമന്ത്രി വീണ ജോർജ് ഇന്ന് ഡൽഹിയിലേക്ക് പുറപ്പെടും. തിരുവനന്തപുരം വിമാനത്താവളത്തിൽ നിന്ന് മന്ത്രി ഡൽഹിയിലേക്ക് തിരിച്ചു. കേന്ദ്ര ആരോഗ്യമന്ത്രി ജെ പി നഡ്ഡയുമായി കൂടിക്കാഴ്ച നടത്തും. ആശമാരുടെ സമരവും ആവശ്യങ്ങളും ഉന്നയിക്കും. കേന്ദ്രം നൽകാനുള്ള കുടിശ്ശിക നൽകണമെന്ന് ആവശ്യപ്പെടുമെന്ന് മന്ത്രി വീണ ജോർജ് അറിയിച്ചു. ആശാ വർക്കേഴ്‌സിന്റെ ഇൻസെന്റീവ് വർധന സമയബന്ധിതമായി പരിഗണിക്കുമെന്ന് പാർലമെന്റിൽ ജെപി നഡ്ഡ വ്യക്തമാക്കിയിരുന്നു. കേരളത്തിന് കുടിശ്ശികയായി ഒന്നും തന്നെ നൽകാനില്ലെന്നാണ് കേന്ദ്രത്തിന്റെ നിലപാട്. ഈ പശ്ചാത്തലത്തിൽ ചർച്ചയിലൂടെ ഉരുത്തിരിയുന്ന പരിഹാരം എന്തായിരിക്കുമെന്നത് ഏറെ നിർണായകമാണ്.