കോതമംഗലത്ത് ബാങ്ക് ജീവനക്കാർക്കും ബന്ധുവിനും എച്ച്.വൺ എൻ.വൺ

കോതമംഗലം: കോതമംഗലത്ത് മൂന്നുപേർക്ക് എച്ച്.വൺ എൻ.വൺ പനി ബാധിച്ചു. ഇതിൽ രണ്ടുപേർ നഗരത്തിലെ ബാങ്കിലെ ജീവനക്കാരാണ്. ഒരാൾ ജീവനക്കാരന്റെ ഭാര്യയും. എച്ച്.വൺ എൻ.വൺ പനി ആദ്യമായാണ് കോതമംഗലത്ത് റിപ്പോർട്ട് ചെയ്യുന്നത്. പ്രാഥമികമായി നടത്തുന്ന സ്‌ക്രീനിങ് ടെസ്റ്റിലാണ് മൂന്നുപേരും പോസിറ്റീവായത്. എലൈസ ടെസ്റ്റിലൂടെയേ രോഗബാധ സ്ഥിരീകരിക്കാൻ സാധിക്കുകയുള്ളൂ. പരിശോധനയ്ക്കായി ഇവരുടെ സാംപിൾ ശേഖരിച്ചിട്ടുണ്ട്.

രോഗബാധ കണ്ടെത്തിയവർ വീടുകളിൽ ഐസൊലേഷനിൽ കഴിയാനാണ് അറിയിച്ചിട്ടുള്ളത്. സമ്പർക്കപ്പട്ടികയിലുള്ള രണ്ടുപേർക്കുകൂടി പനി ഉണ്ടായിരുന്നെങ്കിലും പരിശോധനയിൽ എച്ച്‌.വൺ എൻ.വൺ ഇല്ലെന്ന് സ്ഥിരീകരിച്ചു. ബാങ്കിലെ എട്ട് ജീവനക്കാർ അവധിയിൽ പോയി. ഇവർ നിരീക്ഷണത്തിലാണ്. 16 ജീവനക്കാരാണ് ബാങ്കിലുള്ളത്.

ബാങ്ക് ശാഖയിൽ ഇടപാടുകാർക്ക് നിയന്ത്രണം ഏർപ്പെടുത്തി. അവശ്യ സർവീസുകൾക്കു മാത്രമായി പ്രവർത്തനം പരിമിതപ്പെടുത്തിയിട്ടുണ്ട്. ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് ആരോഗ്യവകുപ്പ് അധികൃതർ അറിയിച്ചു.

കഴിഞ്ഞ ദിവസം കരുമാല്ലൂരിലും അഞ്ചുപേർക്ക് എച്ച്1എൻ1 സ്ഥിരീകരിച്ചിരുന്നു. ആലങ്ങാട് എച്ച്.വൺ എൻ.വൺ പനി ബാധിച്ച് നാലുവയസ്സുകാരൻ മരിച്ചതിനുപിന്നാലെയാണ് സമീപപ്രദേശമായ കരുമാല്ലൂരിൽ അഞ്ചുപേർക്ക് എച്ച്.വൺ എൻ.വൺ സ്ഥിരീകരിച്ചത്. ഇതിൽ നാലുപേർ ആശുപത്രിയിലും ഒരാൾ വീട്ടിലും ചികിത്സയിലാണ്.