മുന്നറിയിപ്പിൽ മാറ്റം; അഞ്ചു ജില്ലകളില്‍ തീവ്രമഴ, ഓറഞ്ച് അലര്‍ട്ട്

തിരുവനന്തപുരം: വടക്കൻ കേരളത്തിൽ അതിശക്തമായ മഴ തുടരുന്നതിനിടെ അഞ്ച് ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിലാണ് കേന്ദ്ര കാലാവസ്ഥ വകുപ്പ് ഇന്ന് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചത്. ഒറ്റപ്പെട്ടയിടങ്ങളിൽ അതിശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിച്ചിരിക്കുന്നത്.

പാലക്കാട് മുതല്‍ തിരുവനന്തപുരം വരെ ശേഷിക്കുന്ന ഒമ്പതു ജില്ലകളിലും യെല്ലോ അലര്‍ട്ടും പുറപ്പെടുവിച്ചിട്ടുണ്ട്. ഒറ്റപ്പെട്ടയിടങ്ങളില്‍ മണിക്കൂറില്‍ 40 കിലോമീറ്റര്‍ വരെ വേഗതയില്‍ വീശിയേക്കാവുന്ന ശക്തമായ കാറ്റിനും സാധ്യതയുണ്ട്.

വടക്കന്‍ ഛത്തീസ്ഗഡിന് മുകളില്‍ ചക്രവാതച്ചുഴി നിലനില്‍ക്കുന്നതും, വടക്കന്‍ കേരള തീരം മുതല്‍ തെക്കന്‍ ഗുജറാത്ത് തീരം വരെ ന്യൂനമര്‍ദപാത്തി സ്ഥിതിചെയ്യുന്നതുമാണ് മഴ ശക്തമാകാന്‍ കാരണം. കനത്ത മഴയെത്തുടര്‍ന്ന് വടക്കന്‍ കേരളത്തിലെ മലയോരമേഖലകളില്‍ വ്യാപകനാശനഷ്ടമാണ് ഉണ്ടായിട്ടുള്ളത്.