കൊച്ചി: ഹേമ കമ്മിറ്റി റിപ്പോർട്ടിലെ നിയമനിർമാണ ശുപാർശകളിൽ സഹായിക്കാൻ അമിക്കസ് ക്യൂറിയെ നിയമിച്ച് ഹൈക്കോടതി. അഡ്വ. മിത സുധീന്ദ്രനെയാണ് കോടതി അമിക്കസ് ക്യൂറിയായി നിയമിച്ചത്. ഹേമ കമ്മിറ്റി റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ 26 കേസുകളെടുത്തെന്ന് സർക്കാർ കോടതിയെ അറിയിച്ചു.

ജസ്റ്റിസ് എ.കെ. ജയശങ്കരൻ നമ്പ്യാർ, ജസ്റ്റിസ് സി.എസ്. സുധ എന്നിവരടങ്ങിയ ബെഞ്ച് കേസ് പരിഗണനയ്ക്ക് എടുത്തപ്പോഴാണ് സർക്കാർ കോടതിയെ ഇക്കാര്യം അറിയിച്ചത്. 18 കേസുകളിൽ മൊഴി നൽകിയവർ സാവകാശം ആവശ്യപ്പെട്ടു. കേസുമായി മുന്നോട്ടുപോകാൻ താത്പര്യമില്ലെന്ന് അഞ്ചുപേർ അറിയിച്ചു. മറ്റ് മൂന്നുപേർ തങ്ങൾ അങ്ങനെയൊരു മൊഴി ഹേമ കമ്മിറ്റിക്ക് നൽകിയതായി ഓർക്കുന്നില്ലെന്ന് അന്വേഷണ സംഘത്തെ അറിയിച്ചുവെന്നും അഡ്വക്കറ്റ് ജനറൽ കോടതിയെ അറിയിച്ചു.


വനിതാ ചലച്ചിത്ര പ്രവർത്തകരുടെ സംഘടനയായ വുമൺ ഇൻ സിനിമ കളക്ടീവ് (ഡബ്യു.സി.സി.) നിയമനിർമാണത്തിനുള്ള കരട് നിർദേശം കോടതിയിൽ സമർപ്പിച്ചു. ഇത് പരിഗണിക്കാമെന്ന് കോടതി വ്യക്തമാക്കി.
നവംബർ 21-ന് വീണ്ടും വാദം കേൾക്കും. ഡിസംബർ 31-നകം നടപടികൾ പൂർത്തായാക്കാൻ കഴിയുമെന്ന പ്രതീക്ഷ കോടതി പ്രകടിപ്പിച്ചു.























