കൊച്ചി: കടയിൽനിന്ന് അശ്ലീല വിഡിയോ കസെറ്റുകൾ പിടിച്ചു എന്ന കുറ്റത്തിനു ശിക്ഷിക്കപ്പെട്ട കോട്ടയം സ്വദേശി 28 വർഷങ്ങൾക്കുശേഷം കുറ്റവിമുക്തൻ. ഉപയോക്താക്കൾക്കു നൽകുന്നതിന് അശ്ലീല വിഡിയോ കസെറ്റുകൾ കടയിൽ സൂക്ഷിച്ചു എന്ന കുറ്റത്തിന് ശിക്ഷിക്കപ്പെട്ട കൂരോപ്പട സ്വദേശിയെയാണ് ഹൈക്കോടതി കുറ്റവിമുക്തനാക്കിയത്. തെളിവിനായി ഹാജരാക്കിയ കസെറ്റുകൾ മജിസ്ട്രേറ്റ് സ്വമേധയാ പരിശോധിച്ചില്ല എന്നതിനാൽ ഇന്ത്യൻ തെളിവു നിയമം അനുസരിച്ച് കേസ് നിലനിൽക്കില്ല എന്ന് ജസ്റ്റിസ് കൗസർ എടപ്പഗത്ത് വിധിന്യായത്തിൽ വ്യക്തമാക്കി.

1997ലാണ് സംഭവം. കൂരോപ്പട പഞ്ചായത്തിൽ ഹർജിക്കാരന്റെ ഉടമസ്ഥതയിലുള്ള കസെറ്റ് കടയിൽനിന്ന് പൊലീസ് 10 കസെറ്റുകൾ പിടിച്ചെടുത്തു എന്നും ഇവയില്‍ അശ്ലീല ദൃശ്യങ്ങളുണ്ടെന്നുമാണ് കേസ്. ഐപിസി 292 വകുപ്പ് അനുസരിച്ച് അശ്ലീല ദൃശ്യങ്ങൾ വിൽക്കുന്നതോ വിതരണം ചെയ്യുന്നതോ വാണിജ്യ ആവശ്യത്തിനായി ഉപയോഗിക്കുന്നതോ കുറ്റകരമാണ്. തുടർന്ന് കോട്ടയം മജിസ്ട്രേറ്റ് കോടതി ഹർജിക്കാരനെ രണ്ടു വർഷം തടവിനും 2000 രൂപ പിഴയ്ക്കും വിധിച്ചു. ഇതിനെതിരെ സെഷൻസ് കോടതിയെ സമീപിച്ചപ്പോൾ ശിക്ഷാവിധി ഒരു വര്‍ഷമായും പിഴ 1000 രൂപയായും കുറച്ചു. തുടർന്നാണ് ഹർജിക്കാരൻ ഹൈക്കോടതിയെ സമീപിച്ചത്.

























