ശബരിമല സ്വർണപ്പാളി: പ്രത്യേക അന്വേഷണ സംഘത്തെ പ്രഖ്യാപിച്ച് ഹൈക്കോടതി

കൊച്ചി: ശബരിമല സ്വർണപ്പാളി വിഷയത്തിൽ പ്രത്യേക അന്വേഷണ സംഘത്തെ പ്രഖ്യാപിച്ച് ഹൈക്കോടതി. ക്രൈംബ്രാഞ്ച് മേധാവി എഡിജിപി എച്ച് വെങ്കിടേഷ് അന്വേഷണ മേൽനോട്ടം വഹിക്കും. വിജിലൻസ് മുൻ എസ്പി കൂടിയായ എസ് ശശിധരനാണ് അന്വേഷണം ചുമതല. സംഘത്തിൽ മൂന്ന് ഇൻസ്‌പെക്ടർമാർ ഉണ്ടാകും. സൈബർ വിദഗ്ധർ അടക്കമുള്ളവരും സംഘത്തിലുണ്ടാകും. അന്വേഷണം അതീവ രഹസ്യമായിരിക്കണമെന്നും, ഒരു വിവരങ്ങളും പുറത്തു പോകരുതെന്നും ഹൈക്കോടതി ദേവസ്വം ബെഞ്ച് പ്രത്യേക അന്വേഷണ സംഘത്തിന് നിർദേശം നൽകിയിട്ടുണ്ട്. ഗുരുതര കുറ്റകൃത്യം നിലനിൽക്കുമെന്ന് ഹൈക്കോടതി വിലയിരുത്തി.

കേസിന്റെ രഹസ്യസ്വഭാവം നിലനിർത്തണമെന്നും കോടതി പ്രത്യേക അന്വേഷണ സംഘത്തോട് നിർദേശിച്ചിട്ടുണ്ട്. 1998 ൽ ഒന്നര കിലോ സ്വർണം ശബരിമല ദ്വാരപാലക ശിൽപ്പങ്ങൾ പൊതിയാൻ വിജയ് മല്യയുടെ യു ബി ഗ്രൂപ്പ് ഉപയോഗിച്ചിട്ടുണ്ട്. ഈ സ്വർണം എവിടെപ്പോയി എന്ന് കണ്ടെത്തേണ്ടതുണ്ടെന്ന് ദേവസ്വം വിജിലൻസ് എസ് പി ഹൈക്കോടതിയിൽ സമർപ്പിച്ച റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. ശബരിമലയിൽ ഗുരുതരമായ ക്രമക്കേട് നടന്നിട്ടുണ്ടെന്ന് വിജിലൻസ് റിപ്പോർട്ടിൽ സൂചിപ്പിച്ചതായാണ് വിവരം.

ശബരിമല സ്വർണപ്പാളിയുമായി ബന്ധപ്പെട്ട വിഷയത്തിൽ ദേവസ്വം വിജിലൻസ് ഹൈക്കോടതിയിൽ ഇടക്കാല റിപ്പോർട്ട് സമർപ്പിച്ചിരുന്നു. ഇതുവരെയുള്ള അന്വേഷണ വിവരങ്ങൾ ദേവസ്വം വിജിലൻസ് എസ് പി സുനിൽകുമാർ കോടതിയിൽ നേരിട്ട് ഹാജരായാണ് വിശദീകരിച്ചത്. നിർണായക രേഖകളും ചിത്രങ്ങളും കോടതിക്ക് കൈമാറി. ശബരിമല സ്വർണപ്പാളി മാറ്റിയതിൽ ഗൂഢാലോചന സംശയിച്ചുകൊണ്ടുള്ള റിപ്പോർട്ടാണ് വിജിലൻസ് കോടതിക്ക് നൽകിയത്. യു ബി ഗ്രൂപ്പ് ശബരിമലയിൽ സ്വർണം പൊതിഞ്ഞതുമായി ബന്ധപ്പെട്ട രേഖകളും വിവരങ്ങളും വിജിലൻസിന് കൈമാറിയിരുന്നു. ഈ രേഖകളും കോടതിക്ക് കൈമാറിയിട്ടുണ്ട്. അതിനിടെ, 2019 ൽ ഉണ്ണികൃഷ്ണൻ പോറ്റിക്ക് കൈമാറിയത് ചെമ്പു പാളിയല്ല, സ്വർണ്ണപ്പാളി തന്നെയാണെന്ന് ദേവസ്വം മന്ത്രി വി എൻ വാസവൻ കേരള നിയമസഭയെ രേഖാമൂലം അറിയിച്ചു.