സംശയം; രാമങ്കരിയിൽ ഭാര്യയെ കു*ത്തിക്കൊ*ലപ്പെടുത്തി ഭർത്താവ്

ആലപ്പുഴ: രാമങ്കരിയിൽ കുടുംബ വഴക്കിനെ തുടർന്ന് ഭർത്താവ് ഭാര്യയെ കുത്തിക്കൊന്നു. രാമങ്കരി വേഴപ്ര ചിറയിൽ അകത്തെപ്പറമ്പിൽ വിദ്യ(42)യാണ് മരിച്ചത്. ഭർത്താവ് വിനോദിനെ (50) പൊലീസ് കസ്റ്റഡിയിൽ എടുത്തു. രാമങ്കരി ജംക്​ഷനിൽ ഹോട്ടൽ നടത്തി വരിയായിരുന്നു ദമ്പതികൾ. വിദ്യയിലുള്ള സംശയമാണ് കൊലപാതകത്തിന് കാരണമായതെന്ന് പൊലീസ് പറയുന്നു. മൃതദേഹം ആലപ്പുഴ മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി.

ഇന്നലെ രാത്രി വീട്ടുമുറ്റത്ത് വെച്ചാണ് വിനോദ് വിദ്യയുടെ വയറ്റിൽ കത്തി ഉപയോഗിച്ച് കുത്തിയത്. കോട്ടയം മെഡിക്കൽ കോളേജിൽ പോയി വീട്ടിലേക്ക് മടങ്ങി വന്നപ്പോഴായിരുന്നു വിദ്യയെ മുറ്റത്ത് വെച്ച് കുത്തിയത്. കുത്തേറ്റ വിദ്യ വഴിയിൽ വീണു കിടന്നു. പിന്നീട് പൊലീസ് എത്തിയാണ് ഇവരെ ആശുപത്രിയിൽ എത്തിച്ചത്. എങ്കിലും ജീവൻ രക്ഷിക്കാൻ സാധിച്ചില്ല. രാവിലെ വീട്ടിൽ നിന്നിറങ്ങിയ വിദ്യയെ വിനോദ് നിരന്തരം വിളിച്ചുകൊണ്ടിരുന്നിട്ടും ഫോണെടുത്തിരുന്നില്ല. പിന്നീട് ഒരുവട്ടം കോൾ എടുത്ത് പിന്നെ വിളിക്കാമെന്ന് പറഞ്ഞു. എന്നാൽ വിദ്യ ഫോൺ കട്ട് ചെയ്തിരുന്നില്ലെന്നും ഫോണിൽ താൻ ഒരു പുരുഷന്റെ ശബ്ദം കേട്ടെന്നും പ്രതി പൊലീസിനോട് പറഞ്ഞു. ചതിക്ക് പകരം ചതിയെന്നാണ് പ്രതി പൊലീസിനോട് പറഞ്ഞത്.