കൊച്ചി: അനാശാസ്യ കേന്ദ്രങ്ങളിലെത്തുന്ന ഇടപാടുകാരനെതിരെ അനാശാസ്യത്തിനു പ്രേരിപ്പിച്ചെന്ന കുറ്റം നിലനിൽക്കില്ലെന്നു ഹൈക്കോടതി. കടവന്ത്രയിലെ അനാശാസ്യ കേന്ദ്രത്തിലെത്തിയ കോട്ടയം സ്വദേശിക്കെതിരെ അനാശാസ്യ നിരോധന നിയമത്തിലെ വിവിധ വകുപ്പുകൾ പ്രകാരമെടുത്ത കേസുകൾ റദ്ദാക്കിയ ഉത്തരവിലാണ് കോടതി നിരീക്ഷണം. ജസ്റ്റിസ് സി പ്രതീപ് കുമാറിന്റേതാണ് ഉത്തരവ്.

യുവതികളെ പെൺവാണിഭ കേന്ദ്രത്തിലെത്തിച്ചതും അനാശാസ്യത്തിനു പ്രേരിപ്പിച്ചതും ഹർജിക്കാരനല്ലെന്നു കോടതി വിലയിരുത്തി. അനാശാസ്യ കേന്ദ്രത്തിൽ നിന്നു 50 മീറ്റർ അകലെ കുരിശുപള്ളി ഉള്ളതിനാൽ പൊതുസ്ഥലത്തിനു സമീപമെന്ന വകുപ്പ് ബാധകമാകുമെന്നായിരുന്നു പ്രോസിക്യൂഷൻ നിലപാട്. എന്നാൽ ഇവിടെ ആരാധനാ കർമങ്ങൾ ഇല്ലാത്തതിനാൽ പൊതു ആരാധനാലയമായി കണക്കാക്കാനാകില്ലെന്നു കോടതി വ്യക്തമാക്കി.


എറണാകുളം ഗാന്ധി നഗറിലെ വാടക വീട്ടിൽ കഴിഞ്ഞ വർഷം കടവന്ത്ര പൊലീസ് നടത്തിയ റെയ്ഡിലാണ് പെൺവാണിഭ റാക്കറ്റ് പിടിയിലായത്.























