കോഴിക്കോട്: വയനാട് ഉരുള്‍പൊട്ടലില്‍ രക്ഷാപ്രവര്‍ത്തനം നടത്തുന്ന ഇന്ത്യൻ സൈന്യത്തിന് തന്‍റെ അഭിനന്ദനം അറിയിച്ച് മൂന്നാം ക്ലാസുകാരനെഴുതിയ കത്ത് ശ്രന്ധ നേടുന്നു. കോഴിക്കോട് വെള്ളായിക്കോട് എഎംഎൽപി സ്കൂളിലെ മൂന്നാം ക്ലാസ് വിദ്യാർഥിയായ റയാനെഴുതിയ കത്ത് സാമൂഹികമാധ്യമങ്ങളിലടക്കം പ്രചരിച്ചതോടെ സ്‌നേഹം നിറഞ്ഞ മറുപടിയുമായി ആർമിയുമെത്തി.

റയാന്റെ വാക്കുകൾ തങ്ങളെ ആഴത്തിൽ സ്പർശിച്ചെന്നും പ്രതികൂലസമയങ്ങളിൽ പ്രതീക്ഷയുടെ പ്രകാശമാകുകയാണ് തങ്ങളുടെ ലക്ഷ്യമെന്നും, കത്ത് ആ ദൗത്യത്തിന് കൂടുതൽ ശക്തിപകരുന്നുവെന്നും ഇന്ത്യൻ ആർമി, സതേൺ കമാൻഡിന്റെ ഔദ്യോഗിക എക്സ് പേജിൽ കുറിച്ചു.


കത്തിൽ തനിക്കും ഇന്ത്യൻ സൈന്യത്തിന്റെ ഭാഗമാകണമെന്നാണ് ആഗ്രഹമെന്ന് റയാൻ കുറിച്ചിരുന്നു. റയാൻ ആർമി യൂണിഫോമിൽ അരികിൽ നിൽക്കുന്ന ദിവസത്തിനായി ആകാംക്ഷയോടെ കാത്തിരിക്കുകയാണെന്നും ഒരുമിച്ച് രാജ്യത്തിൻ്റെ അഭിമാനം ഉയർത്തുമെന്നും സൈന്യം എക്സിൽ കുറിച്ചു. റയാൻ കത്തിൽ കുറിച്ചു. റയാന്റെ കത്തും ഇംഗ്ലീഷ് പരിഭാഷയും സൈന്യം പങ്കുവെച്ചിട്ടുണ്ട്.
‘വയനാട്ടിൽ ഉരുൾപ്പൊട്ടലിൽ മണ്ണിനടിയിൽപ്പെട്ടുപോയ കുറെ മനുഷ്യരെ നിങ്ങൾ രക്ഷിക്കുന്നത് കണ്ടപ്പോൾ എനിക്ക് ഒരുപാട് സന്തോഷമായി. നിങ്ങൾ ബിസ്‌ക്കറ്റും വെള്ളവും മാത്രം കഴിച്ച് പാലം നിർമ്മിക്കുന്ന വീഡിയോ കണ്ടപ്പോൾ അഭിമാനമായി. ഞാനും വലുതായിട്ട് ആർമിയായി നാടിനെ രക്ഷിക്കും’, എന്നായിരുന്നു റയാന്റെ കത്ത്.























