പുഷ്പ 2 റിലീസ് ദിനത്തിലുണ്ടായ തിക്കിലും തിരക്കിലും പെട്ട് ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ കഴിയുന്ന കുട്ടിയുടെ ആരോഗ്യ നിലയിൽ പുരോഗതിയെന്ന് പിതാവ്. അപകടമുണ്ടായി 20 ദിവസത്തിന് ശേഷം കുട്ടി പ്രതികരിച്ചതായി പിതാവ് അറിയിച്ചു. കണ്ണുകൾ തുറന്നു. നിലവിൽ മകന്റെ ആരോഗ്യ സ്ഥിതി മെച്ചപ്പെടുകയാണ്. തെലുങ്കു സൂപ്പർതാരം അല്ലു അർജുനും തെലങ്കാന സർക്കാരും തങ്ങളെ പിന്തുണക്കുന്നുവെന്നും കുട്ടിയുടെ അച്ഛൻ അറിയിച്ചു.

അതേ സമയം, നരഹത്യക്കേസിൽ പ്രതിയായ അല്ലു അർജുനെ മൂന്ന് മണിക്കൂറോളം ഇന്ന് ഹൈദരാബാദ് പൊലീസ് ചോദ്യം ചെയ്തു. പൊലീസിൻറെ പല ചോദ്യങ്ങളോടും താരം കൃത്യമായ ഉത്തരം നൽകാതെ ഒഴിഞ്ഞുമാറിയെന്നാണ് വിവരം. തിയ്യറ്ററിൽ രാത്രി ബൗൺസർമാർ സിനിമ കാണാനെത്തിയവരെ കൈകാര്യം ചെയ്യുകയും മരിച്ച രേവതിയെ തൂക്കിയെടുത്ത് കൊണ്ടുവരികയും ചെയ്യുന്ന സിസിടിവി ദൃശ്യം പുറത്ത് വിട്ട പൊലീസ് അല്ലു അർജുൻറെ സെക്യൂരിറ്റി മാനേജറെയും കസ്റ്റഡിയിലെടുത്തു.


ഡിസംബർ 4 നാണ് പുഷ്പ 2 എന്ന സിനിമയുടെ പ്രീമിയർ പ്രദർശനവുമായി ബന്ധപ്പെട്ട് സന്ധ്യ തിയറ്ററിൽ ദുരന്തം സംഭവിച്ചത്. തിക്കിലും തിരക്കിലും പെട്ട് ഒരു സ്ത്രീ മരിക്കുകയും അവരുടെ ഇളയ മകന് ഗുരുതരമായി പരിക്കേൽക്കുകയും ചെയ്തിരുന്നു. ഹൈദരാബാദ് ദിൽഷുക്നഗർ സ്വദേശിനി രേവതി (39) യാണ് തിക്കിലും തിരക്കിലും പെട്ട് മരിച്ചത്.























