ധൻകറിന്റെ അപ്രതീക്ഷിത രാജി; അടുത്ത ഉപരാഷ്ട്രപതി ആര് ?

ന്യൂഡൽഹി: പാർലമെന്റിന്റെ വർഷകാല സമ്മേളനത്തിന്റെ ആദ്യദിനത്തിലെ ഉപരാഷ്ട്രപതി ജഗ്‌ദീപ് ധൻകറിന്റെ അപ്രതീക്ഷിത രാജി പല അഭ്യൂഹങ്ങൾക്കും ഇടയാക്കി. ആരോഗ്യകാരണങ്ങളാലാണ് രാജിയെന്ന് പറയുന്നുണ്ടെങ്കിലും പിന്നിൽ രാഷ്ട്രീയ നീക്കമുണ്ടെന്നാണ് റിപ്പോർട്ട്. തിങ്കളാഴ്ച വൈകുന്നേരം രാഷ്ട്രപതി ദ്രൗപദി മുർമുവുമായി കൂടിക്കാഴ്ച നടത്തിയതിനുശേഷമാണ് രാത്രി സാമൂഹിക മാധ്യമങ്ങളിലൂടെ അദ്ദേഹം രാജി പ്രഖ്യാപിച്ചത്.

ആരാകും അടുത്ത ഉപരാഷ്ട്രപതിയെന്ന ചോദ്യം പല കോണുകളിൽനിന്നും ഉയരുന്നുണ്ട്. സർക്കാർ ഇതുവരെ ഔദ്യോഗികമായി പ്രഖ്യാപനങ്ങളൊന്നും നടത്തിയിട്ടില്ല. ഉപരാഷ്ട്രപതി പദവിയിൽ ഒഴിവ് വന്നാൽ ആര് ആ ചുമതലകൾ നിർവഹിക്കണമെന്ന് ഭരണഘടനയിൽ വ്യക്തമാക്കുന്നില്ല. എന്നാൽ, രാജ്യസഭാ ചെയർപേഴ്സണെ കുറിച്ച് പ്രതിപാദിക്കുന്നുണ്ട്. ഇതനുസരിച്ച് ഡെപ്യൂട്ടി ചെയർപേഴ്സണോ അല്ലെങ്കിൽ രാഷ്ട്രപതി ചുമതലപ്പെടുത്തുന്ന മറ്റേതെങ്കിലും രാജ്യസഭാംഗമോ ആയിരിക്കും ആ ചുമതല നിർവഹിക്കുക.

ഭരണഘടനയുടെ 66-ാം അനുച്ഛേദമനുസരിച്ച്, പാർലമെൻ്റിൻ്റെ ഇരുസഭകളിലെയും അംഗങ്ങൾ അടങ്ങുന്ന ഇലക്ടറൽ കോളേജാണ് ഉപരാഷ്ട്രപതിയെ തിരഞ്ഞെടുക്കുന്നത്. രഹസ്യ ബാലറ്റിലൂടെയാണ് വോട്ടെടുപ്പ്.

ഉപരാഷ്ട്രപതി സ്ഥാനത്തേക്കുള്ള തിരഞ്ഞെടുപ്പ് നടത്തുന്നത് തിരഞ്ഞെടുപ്പ് കമ്മീഷനാണ്. ഇന്ത്യൻ ഭരണഘടന പ്രകാരം ഉപരാഷ്ട്രപതി സ്ഥാനാർത്ഥി ഇന്ത്യൻ പൗരനായിരിക്കണം. കുറഞ്ഞത് 35 വയസ്സ് പ്രായമുണ്ടായിരിക്കണം. കൂടാതെ രാജ്യസഭാംഗമായി തിരഞ്ഞെടുക്കപ്പെടാൻ യോഗ്യതയുണ്ടായിരിക്കണം. കേന്ദ്ര സംസ്ഥാന സർക്കാരുകളുടെ കീഴിൽ ഏതെങ്കിലും പദവി വഹിക്കാൻ പാടില്ല.

ഉപരാഷ്ട്രപതി പാർലമെന്റിന്റെയോ ഏതെങ്കിലും സംസ്ഥാന നിയമസഭയിലെയോ അംഗമാകാൻ പാടില്ല. പാർലമെന്റ് അം​ഗമോ സംസ്ഥാന നിയമസഭ അം​ഗമോ ആയിട്ടുള്ള വ്യക്തി തിരഞ്ഞെടുക്കപ്പെട്ടാൽ ഉപരാഷ്ട്രപതിയായി സ്ഥാനമേൽക്കുന്ന തീയതിയിൽ മറ്റു സഭകളിലെ സ്ഥാനം ഒഴിഞ്ഞതായി കണക്കാക്കും.

ഭൂരിപക്ഷമുള്ള, എൻഡിഎ വരുംദിവസങ്ങളിൽ സാധ്യതാ സ്ഥാനാർത്ഥികളെക്കുറിച്ച് ചർച്ച ചെയ്യുമെന്നാണ് റിപ്പോർട്ടുകൾ. ജനതാദൾ (യുണൈറ്റഡ്) എംപിയും രാജ്യസഭാ ഉപാധ്യക്ഷനുമായ ഹരിവംശും പരിഗണിക്കപ്പെടുന്നുണ്ട്. കോൺഗ്രസ് നേതൃത്വവുമായി അകന്നുനിൽക്കുന്ന ശശി തരൂർ ഉൾപ്പെടെയുള്ള നേതാക്കളുടെ പേരും രാഷ്ട്രീയ നിരീക്ഷകർക്കിടയിൽ ഉയരുന്നുണ്ട്.