മലയാളസിനിമയെ നശിപ്പിക്കുകയാണെന്ന് മുതിർന്ന നടൻ ജനാർദ്ദനൻ. ഇപ്പോൾ ആർക്കും അഭിനയിക്കാമെന്ന അവസ്ഥയാണെന്നും കഥ ഒന്നും വേണ്ടെന്നും ജനാർദ്ദനൻ വിമർശിച്ചു. എൻആർഐക്കാർ ആണ് സിനിമയെ നശിപ്പിച്ചതെന്നും പണ്ട് ആകെ എട്ടോ പത്തോ നിർമാതാക്കൾ മാത്രമാണ് സിനിമയിൽ ഉണ്ടായിരുന്നതെന്നും അദ്ദേഹം പറഞ്ഞു. മലയാളത്തിലെ ആദ്യകാല ചലച്ചിത്ര നിർമാതാവും സംവിധായകനും നടനും കഥാകൃത്തുമായ രാമചന്ദ്ര ശ്രീനിവാസ പ്രഭു എന്ന ആർ.എസ് പ്രഭുവിന്റെ 96ാം ജന്മദിനാഘോഷത്തിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു ജനാർദനൻ.

അദ്ദേഹത്തിന്റെ ഒരു പ്രത്യേകത എന്താണെന്നു വച്ചാൽ സാധാരണ സിനിമാക്കാരെപോലെ മദ്യപാനമില്ല, വ്യഭിചാരമില്ല, മറ്റുള്ള വൃത്തികേടുകളില്ല, കള്ളത്തരമില്ല. പുറത്തുനിന്നു നോക്കുന്നവർക്ക് പ്രഭു എന്നാണ് പേരെങ്കിലും ദാരിദ്ര്യവാസി ആണെന്ന് തോന്നും പക്ഷേ അങ്ങനെ അല്ല. പത്തുപൈസ പോലും ആർക്കും കടം പറയാതെ ഉള്ള കാശ് കൊടുത്ത്, ഇത്രയേ ഉള്ളൂ ഇതിൽ അഭിനയിക്കാൻ പറ്റുമെങ്കിൽ വന്നു അഭിനയിക്കുക എന്ന് പറഞ്ഞ് വളരെ ക്‌ളീൻ ആയിട്ട് പടമെടുത്ത വ്യക്തികളാണ്. ഇത് കണ്ട് അനുഭവിച്ചവനാണ് ഞാൻ പത്തിരുപത്തഞ്ചു വർഷം മദ്രാസിൽ അതു കൊണ്ട് എനിക്ക് അന്തസ്സായിട്ട് പറയാം. ഇതിനു ശേഷം മലയാള സിനിമയിൽ കുറെ എൻ ആർ ഐക്കാർ കയറിവന്ന് നാറ്റിച്ച് നശിപ്പിച്ച് കോടാലിയാക്കി. ഞാൻ മദ്രാസിൽ കണ്ട സിനിമ എന്നുപറഞ്ഞാൽ അന്ന് എട്ടോ പത്തോ നിർമാതാക്കളെ ഉള്ളൂ. അവർക്ക് മറ്റു യാതൊരു ചിന്തയുമില്ല നല്ല പടങ്ങളെടുക്കുക എന്ന ചിന്ത മാത്രമേ ഉള്ളൂ. മറ്റു ബിസിനസ്സുകൾ ഒന്നുമില്ല. സിനിമയോടുള്ള സ്നേഹം കൊണ്ട് നല്ല കഥകളും നോവലുകളും തിരഞ്ഞെടുത്ത് ഉണ്ടാക്കിയിട്ടുള്ള പടങ്ങളാണ് നമ്മൾ കണ്ടുകൊണ്ടിരുന്നത്. അതുപോയിട്ട് ഇപ്പോൾ ആർക്കുവേണമെങ്കിലും അഭിനയിക്കാം, കഥ ഒന്നും വേണ്ട, അങ്ങനെ സിനിമ എന്നുപറഞ്ഞ് എന്തൊക്കെയോ എടുത്ത് ഒരു വർഷം 240 പടം ഒക്കെയാണ് വരുന്നത്. ഇതിൽ പച്ചപിടിച്ചുപോകുന്നത് അഞ്ചോ ആറോ പടങ്ങൾ കാണും. ഇദ്ദേഹത്തെ ഇരുത്തിക്കൊണ്ടു പറഞ്ഞാൽ, പരമ ശുദ്ധൻ ആണ്, ശുഭ്രവസ്ത്രം അല്ലാതെ ധരിക്കില്ല, അതുപോലത്തെ ഒരു വ്യക്തിയാണ്. അങ്ങനെയുള്ള പ്രഭു സാർ ഇനിയും കുറേക്കാലം ജീവിച്ചിരിക്കട്ടെ എന്ന് ദൈവത്തോട് പ്രാർത്ഥിക്കുന്നു. ഈ പ്രായത്തിൽ എനിക്ക് നടക്കാൻ വയ്യാതായി, പ്രഭു സാർ ഇപ്പോഴും ആരോഗ്യത്തോടെ ഇരിക്കുന്നു, അത്തരത്തിലുള്ള ഒരു ജീവിതചര്യയാണ് അദ്ദേഹം അനുഷ്ഠിച്ചത്.

























