ന്യൂഡൽഹി: ഉപരാഷ്ട്രപതി സ്ഥാനത്ത് നിന്നുമുള്ള ജഗദീപ് ധൻകറുടെ രാജിയുമായി ബന്ധപ്പെട്ട് അഭ്യൂഹങ്ങൾ അവസാനിപ്പിക്കണമെന്ന് സിപിഎം. വിഷയത്തിൽ വിശദാംശങ്ങൾ വെളിപ്പെടുത്താൻ കേന്ദ്രം തയ്യാറാകണം. അല്ലാത്ത പക്ഷം ജഗദീപ് ധൻകർ മൗനം വെടിയണം എന്ന് രാജ്യസഭയിലെ സിപിഎമ്മിന്റെ രാജ്യസഭാകക്ഷി നേതാവ് ജോൺ ബ്രിട്ടാസ് എംപി പ്രതികരിച്ചു. ആരോഗ്യ പ്രശ്‌നങ്ങൾ മൂലമാണ് രാജിയെന്നാണ് ധൻകറിന്റെ വിശദീകരണം. എന്നാൽ പെട്ടെന്നുണ്ടായ രാജിയിൽ അസ്വാഭാവികതയുണ്ട്. ഇതുമായി ബന്ധപ്പെട്ട അഭ്യൂഹങ്ങൾ അവസാനിപ്പിക്കാൻ ബന്ധപ്പെട്ടവർ തയ്യാറാകണം എന്നാണ് പ്രതിപക്ഷത്തിന്റെ നിലപാട് എന്നും ജോൺ ബ്രിട്ടാസ് പ്രതികരിച്ചു. ദ ന്യൂ ഇന്ത്യൻ എക്‌സ്പ്രസിന് നൽകിയ അഭിമുഖത്തിലാണ് ജോൺ ബ്രിട്ടാസിന്റെ പ്രതികരണം.

ഇന്ത്യയിലെ രണ്ടാമത്തെ ഉയർന്ന ഭരണഘടനാ പദവിയാണ് ഉപരാഷ്ട്രപതിയുടേത്. ഈ പദവിയുടെ അന്തസ് നിലനിർത്തിക്കൊണ്ടായിരിക്കണം കേന്ദ്ര സർക്കാരിന്റെ പ്രവർത്തനങ്ങൾ. ജഗദീപ് ധൻകരിന് ആരോഗ്യപ്രശ്‌നങ്ങൾ ഉണ്ടായിരുന്നു. എന്നാൽ ധൃതിപിടിച്ചുള്ള രാജിക്ക് പിന്നിൽ മറ്റ് പ്രേരണകൾ ഉണ്ടോ എന്ന് വെളിപ്പെടുത്താൻ സർക്കാർ തയ്യാറാകണം. രാജിയുമായി ബന്ധപ്പെട്ട അഭ്യൂഹങ്ങൾ അവസാനിപ്പിക്കേണ്ടതുണ്ട്. നിരവധി അഭ്യൂഹങ്ങൾ ഇതുമായി ബന്ധപ്പെട്ട് പ്രചരിക്കുന്നുണ്ട്. ഉപരാഷ്ട്രപതിയെ രാജിവെപ്പിച്ചതാണ് എന്നാണ് ഇതിലൊന്ന്. ഇത്തരത്തിലുള്ള ചർച്ചകളുടെ നിജസ്ഥിതി പുറത്തുവരണം എന്നും ജോൺ ബ്രിട്ടാസ് പറഞ്ഞു.


പാർലമെന്റെ് സമ്മേളനം പുരോഗമിക്കുമ്പോൾ ഉപരാഷ്ട്രപതി രാജിവയ്ക്കുന്നത് ഇതാദ്യമായാണ്. സഭയുടെ ആദ്യദിനത്തിൽ സജീവമായിരുന്ന വ്യക്തിയാണ് ഉപരാഷ്ട്രപതി. അദ്ദേഹം അന്നേ ദിവസം മൂന്നോ നാലോ യോഗങ്ങളെങ്കിലും വിളിച്ചിരുന്നു. അംഗങ്ങളുമായി സംവദിച്ചു, വരും ദിവസങ്ങളിലേക്കുള്ള പദ്ധതികളും ആസൂത്രണം ചെയ്തിരുന്നു. പിന്നീട് അപ്രതീക്ഷിതമായി രാജി പ്രഖ്യാപിക്കുന്നു. അതിലാണ് വ്യക്തത വേണ്ടത്. ജഗദീപ് ധൻകറുമായി പ്രതിപക്ഷത്തിന് അഭിപ്രായ വ്യത്യാസങ്ങളുണ്ട്. എന്നാൽ, ഭരണഘടന ചുമതലയെ സർക്കാരിന് നിസ്സാരവൽക്കരിക്കാം എന്ന് അത് അർത്ഥമാക്കുന്നില്ലെന്നും ജോൺ ബ്രിട്ടാസ് പറഞ്ഞു.
ഉപരാഷ്ട്രപതിയുടെ രാജിയിൽ പ്രധാനമന്ത്രിയുടെ പ്രതികരണം പോലും ദുരൂഹമാണ്. ധൻകർ ഉപരാഷ്ട്രപതി സ്ഥാനത്ത് എത്തിയപ്പോൾ കർഷക പുത്രൻ എന്നായിരുന്നു പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രതികരിച്ചത്. ഇത്തവണ അത്തരം വിശേഷണങ്ങൾ ഉൾപ്പെടെ ഉണ്ടായിരുന്നില്ല. രണ്ട് പ്രതികരണങ്ങൾക്കിടയിലെയും അന്തരം സംഭവങ്ങളുടെ ദുരൂഹത വർധിപ്പിക്കുന്നതാണ്.























