തിരുവനന്തപുരം: അമിതവേഗതയിലെത്തിയ കാറിടിച്ച് മാധ്യമ പ്രവർത്തകയ്ക്ക് ഗുരുതരമായി പരിക്കേറ്റു. ജനയുഗം തിരുവനന്തപുരം യൂണിറ്റിലെ സബ് എഡിറ്റർ എറണാകുളം അയ്യമ്പിള്ളി കുഴുപ്പിള്ളി നെടുംപറമ്പിൽ എൻ ജി അനഘയാണ് മെഡിക്കൽ കോളേജ് ആശുപത്രി തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലുള്ളത്. വെള്ളിയാഴ്ച ഉച്ചയ്ക്ക് 3.30 ഓടെ വഴുതക്കാട് ജനയുഗം ഓഫിസിന് സമീപത്തായിരുന്നു അപകടം. താമസിക്കുന്ന ഹോസ്റ്റലിൽ നിന്ന് ഡ്യൂട്ടിക്കായി ഓഫിസിലേക്ക് നടന്നുവരുന്നതിനിടെ ആകാശവാണി നിലയത്തിന് സമീപത്ത് വെച്ച് അമിതവേഗത്തിലെത്തിയ കാർ നിയന്ത്രണം വിട്ട് അനഘയെ ഇടിക്കുകയായിരുന്നു.

ഇടിയുടെ ആഘാതത്തിൽ കാറിനും സമീപത്തുണ്ടായിരുന്ന കരിയില സംഭരണിക്കും ഇടയിൽ അമർന്നുപോയ അനഘയുടെ മുഖത്തും നെറ്റിയിലും ഗുരുതര പരിക്കേറ്റു. മുൻനിരയിലെ പല്ലുകൾ പൂർണമായി നഷ്ടമായി. മൂക്ക് തകർന്നു. വലതു കൈയ്ക്കും കാലിനും പൊട്ടലുണ്ട്. ഇടുപ്പിനും സാരമായി പരിക്കേറ്റു. അപകടമുണ്ടാക്കിയ കാർ സമീപത്തുള്ള പഴക്കടയിലിടിച്ചാണ് നിന്നത്. അപകടം കണ്ട് ഓടിക്കൂടിയ നാട്ടുകാരാണ് അനഘയെ ആശുപത്രിയിലെത്തിച്ചത്.

























