കുട്ടിയുമായി കിണറ്റിൽ ചാടി; രണ്ടരവയസ്സുകാരന് ദാരുണാന്ത്യം, യുവതിക്കെതിരേ കേസെടുത്തു

ചെത്തല്ലൂർ: തച്ചനാട്ടുകര കൂത്തുപറമ്പിൽ കുട്ടിയുമായി യുവതി കിണറ്റിൽ ചാടി. അമ്മയെ അഗ്നിരക്ഷാസേന രക്ഷപ്പെടുത്തി. കുട്ടി മരിച്ചു. കൂത്തുപറമ്പ് വാഴേക്കാട് വീട്ടിൽ കാഞ്ചനയും (27) മകൻ വേദികും ആണ് കിണറ്റിൽ വീണത്. പരിക്കുകളോടെ കാഞ്ചന ആശുപത്രിയിൽ തുടരുകയാണ്.

വെള്ളിയാഴ്‌ച വൈകീട്ട് ഏഴിനുശേഷമാണ് മകൻ വേദികിനെയുമെടുത്ത് കാഞ്ചന വീട്ടുവളപ്പിലെ കിണറ്റിൽ ചാടിയത്. ഈ സമയം കാഞ്ചനയുടെ അച്ഛൻ ചന്ദ്രൻ ഉറങ്ങുകയായിരുന്നു.

സമീപത്തെ ക്ഷേത്രത്തിൽ ഉത്സവം നടക്കുന്നതിനാൽ കാഞ്ചനയുടെ അമ്മ സുധയും മറ്റുബന്ധുക്കളും ക്ഷേത്രത്തിലായിരുന്നു. കിണറിൻറെ പൈപ്പ് ഇളകുന്നതുകണ്ടാണ് കാഞ്ചനയും കുട്ടിയും കിണറ്റിലകപ്പെട്ട വിവരം അറിയുന്നത്. അഗ്നിരക്ഷാസേനയേയും നാട്ടുകൽ പോലീസിനെയും വിവരം അറിയിച്ചതിനെത്തുടർന്ന് ഇവർ എത്തിയാണ് കാഞ്ചനയെയും കുട്ടിയെയും പുറത്തെത്തിച്ചത്. ഇരുവരെയും ആദ്യം മണ്ണാർക്കാട് വട്ടമ്പലത്തെ ആശുപത്രിയിലും പിന്നീട് പെരിന്തൽമണ്ണയിലെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു. ഇവിടെ ചികിത്സയിലിരിക്കെ ശനിയാഴ്ച പുലർച്ചെ രണ്ടിന് വേദിക് മരിച്ചു. കാഞ്ചനയുടെപേരിൽ കേസെടുത്തതായി നാട്ടുകൽ പോലീസ് അറിയിച്ചു.

നാലുവർഷം മുൻപാണ് മലപ്പുറം ചെമ്മാനിയോട് സ്വദേശി ഷിജുവുമായി കാഞ്ചനയുടെ വിവാഹം കഴിഞ്ഞത്. നാലുമാസം മുൻപാണ് കാഞ്ചന ഭർത്താവിന്റെ വീട്ടിൽനിന്ന് കൂത്തുപറമ്പിലെത്തിയത്.