ജാനകി പറ്റില്ല വി. ജാനകി ആക്കണം, വിചാരണയ്ക്കിടെ പേര് പറയേണ്ട; സെൻസർ ബോർഡ്

കൊച്ചി: ജാനകി സിനിമാ വിവാദത്തിൽ പുതിയ നിർദേശവുമായി സെൻസർ ബോർഡ്. സിനിമയിലെ കഥാപാത്രത്തിന്റെ പേരിനൊപ്പം ഇനീഷ്യൽ ചേർക്കണമെന്നും ചിത്രത്തിലെ അവസാനഭാഗത്തെ ക്രോസ് വിസ്താരത്തിനിടെ ജാനകി എന്ന് ഉപയോഗിക്കുന്നത് ഒഴിവാക്കണമെന്നും സെൻസർ ബോർഡിന്റെ അഭിഭാഷകൻ കോടതിയിൽ പറഞ്ഞു.

നേരത്തെ ചിത്രത്തിൽ 96 കട്ടുകൾ വേണമെന്നായിരുന്നു സെൻസർ ബോർഡ് പറഞ്ഞിരുന്നത്. ഈ നിലപാട് മാറ്റിയിരിക്കുകയാണ് സെൻസർ ബോർഡ്. ‘ജാനകി വേഴ്‌സസ് സ്റ്റേറ്റ് ഓഫ് കേരള’ എന്ന സിനിമയുടെ പേരിൽ കഥാപാത്രത്തിന്റെ ഇനീഷ്യലും ചേർത്ത് വി. ജാനകി അല്ലെങ്കിൽ ജാനകി വി. എന്ന് നൽകണമെന്നാണ് സെൻസർ ബോർഡ് പറയുന്നത്. സിനിമയിൽ ജാനകി വിദ്യാധരൻ എന്നാണ് കഥാപാത്രത്തിന്റെ പേര്. കോടതി രംഗങ്ങളിൽ ജാനകി എന്ന പേര് മ്യൂട്ട് ചെയ്യണമെന്നും സെൻസർ ബോർഡ് പറഞ്ഞു.

സിനിമയുടെ അവസാനരംഗത്ത് ക്രോസ് വിസ്താരം ചെയ്യുന്ന സീനിൽ പലതവണ കഥാപാത്രത്തിന്റെ പേര് പറയുന്നുണ്ട്. അത് പൂർണമായും ഒഴിവാക്കണമെന്നും സെൻസർ ബോർഡ് പറഞ്ഞു.

കേസിൽ ഉച്ചയ്ക്ക് ഒന്നേമുക്കാലിന് വിശദമായി വാദം കേൾക്കാമെന്നാണ് കോടതി പറഞ്ഞത്. ഉച്ചക്ക് ശേഷം കേസ് പരിഗണിക്കുമ്പോൾ നിർമാതാക്കൾ തങ്ങളുടെ അഭിപ്രായം കോടതിയെ അറിയിക്കും.

നടനും കേന്ദ്രമന്ത്രിയുംകൂടിയായ സുരേഷ് ഗോപി നായകനായ ‘ജെഎസ്‌കെ’യിലെ കഥാപാത്രത്തിന്റെ ജാനകി എന്ന പേര് മാറ്റണമെന്നാവശ്യപ്പെട്ടാണ് സെൻസർ ബോർഡ് ചിത്രത്തിന്റെ പ്രദർശനാനുമതി നിഷേധിച്ചത്.