ചാരവൃത്തിക്കേസിൽ അറസ്റ്റിലായ ജ്യോതി മൽഹോത്ര കേരളത്തിൽ വന്നത് സർക്കാർ ക്ഷണപ്രകാരം; എത്തിയത് ടൂറിസം പ്രമോഷന്

കൊച്ചി: ചാരവൃത്തി കേസിൽ അറസ്റ്റിലായ വ്‌ലോഗർ ജ്യോതി മൽഹോത്ര കേരളത്തിലെത്തിയത് സംസ്ഥാനസർക്കാർ ക്ഷണിച്ചതു പ്രകാരമെന്ന് റിപ്പോർട്ട്. സംസ്ഥാന ടൂറിസം വകുപ്പാണ് ജ്യോതിയെ ക്ഷണിച്ചത്. സമൂഹ മാധ്യമ ഇൻഫ്‌ലുവൻസർ എന്ന നിലയിലായിരുന്നു ക്ഷണം. കേരള ടൂറിസം മേഖലയുടെ പ്രമോഷനായിരുന്നു ലക്ഷ്യമിട്ടത്. ജ്യോതി മൽഹോത്ര ഉൾപ്പെടെ 41 പേരെയാണ് ടൂറിസം വകുപ്പ് എത്തിച്ചിരുന്നത്. ടൂറിസം വകുപ്പിന്റെ സോഷ്യൽ മീഡിയ പ്രമോഷന്റെ ഭാഗമായിട്ടാണ് ജ്യോതി മൽഹോത്ര അടക്കമുള്ളവരെ എത്തിച്ചിരുന്നതെന്ന് പുറത്തുവന്ന വിവരാവകാശ രേഖയിൽ വ്യക്തമാക്കുന്നു. യാത്രാ ചെലവ്, താമസം, പണം ഉൾപ്പെടെ ടൂറിസം വകുപ്പ് നൽകിയിരുന്നു.

കണ്ണൂർ, കോഴിക്കോട്, കൊച്ചി എന്നിവിടങ്ങളിലെ തന്ത്രപ്രധാന മേഖലകളിലടക്കം ജ്യോതി മൽഹോത്ര സന്ദർശനം നടത്തിയിരുന്നു. കൊച്ചിൻ ഷിപ് യാർഡ്, മട്ടാഞ്ചേരി, ആരാധനാലയങ്ങൾ, ചരിത്രസ്മാരകങ്ങൾ , ഷോപ്പിങ് മാളുകൾ, മെട്രോ സ്റ്റേഷനുകൾ, തൃശൂർ കുത്താമ്പുള്ളി നെയ്ത്തുഗ്രാമം, മൂന്നാർ, കണ്ണൂരിലെയും കോഴിക്കോട്ടെയും വിനോദസഞ്ചാര കേന്ദ്രങ്ങൾ, അതിരപ്പിള്ളി, തേക്കടി, കോവളം, തിരുവനന്തപുരം റെയിൽവേ സ്റ്റേഷൻ, വർക്കല, ഇരവികുളം ദേശീയ ഉദ്യോനം തുടങ്ങിയ ഇടങ്ങളിൽ ജ്യോതി മൽഹോത്ര സന്ദർശനം നടത്തിയിരുന്നുവെന്നാണ് റിപ്പോർട്ട്. രാജ്യസുരക്ഷയെ ബാധിക്കുന്ന വിവരങ്ങൾ കൈമാറിയെന്ന കണ്ടെത്തലിനെത്തുടർന്ന് ജ്യോതി മൽഹോത്ര നിലവിൽ ജയിലിലാണ്. ചാരവൃത്തിയുമായി ബന്ധപ്പെട്ട് കേന്ദ്ര ഏജൻസികൾ നിരീക്ഷിച്ചു വരുന്ന സമയത്താണ് ജ്യോതി മൽഹോത്ര കേരളം സന്ദർശിക്കുന്നത്. കഴിഞ്ഞ ജനുവരിയിലായിരുന്നു ജ്യോതി മൽഹോത്രയുടെ സന്ദർശനം. രാജ്യസുരക്ഷയുമായി ബന്ധപ്പെട്ട വിവരങ്ങൾ പാകിസ്ഥാന് കൈമാറിയതിന് കഴിഞ്ഞ മെയ് മാസത്തിലാണ് ജ്യോതി മൽഹോത്ര അറസ്റ്റിലാകുന്നത്.